അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്തിനെ കണ്ടെത്താനായില്ല; പൊലീസ് സംഘം മടങ്ങി

By Web DeskFirst Published Jul 3, 2016, 9:26 AM IST
Highlights

ജിഷ കൊലക്കേസില്‍ പ്രതി അറസ്റ്റിലായെങ്കിലും കൂട്ടു പ്രതികള്‍ ആരെങ്കിലും ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ് ഇപ്പോള്‍. കൊല നടന്ന ദിവസം സുഹൃത്തുക്കളായ അനാറുല്‍ ഇസ്ലാം, ഹര്‍ദത്ത് ബറുവ എന്നിവരോടൊപ്പം താന്‍ മദ്യപിച്ചിരുന്നുവെന്ന് അമീര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇവരിലാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടെന്നതിന് ഒരു തെളിവും പൊലീസിന് ഇത് വരെ ലഭിച്ചിട്ടില്ല. അതേ സമയം ജിഷയെ ആക്രമിക്കാന്‍ ഇവരില്‍ ആരെങ്കിലും പ്രേരണ നല്കിയിരുന്നുവോ എന്ന സംശയം പൊലീസിനുണ്ട്. 

കഴിഞ്ഞ വര്‍ഷം ഫെബ്രവുരിയില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറയില്‍ കാര്‍ഡ് നല്‍കിയിരുന്നു. ഇതിനായി പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തി അനാര്‍ ഫോട്ടോ നല്‍കുകയും ചെയ്തു. എന്നാല്‍ തിരിച്ചറിയില്‍ രേഖ വാങ്ങിയില്ല. ഈ ഫോട്ടോ സ്റ്റേഷനില്‍ നിന്ന് കണ്ടെടുത്തു. ഫോട്ടോ അനാറിന്റേത് തന്നെയെന്ന് അമീര്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചയായി അനാറിനെ കണ്ടെത്താന്‍ കേരള പൊലീസ് സംഘം അസമിലെത്തിയെങ്കിലും ഫലമുണ്ടായില്ല. കൊല നടന്നതിനെ ശേഷമുള്ള ദിവസങ്ങളില്‍ അനാര്‍ വീട്ടിലെത്തിയിരുന്നുവെന്നാണ് വീട്ടുകാര്‍ മൊഴി നല്‍കിയത്. 

തിരിച്ചറിയല്‍ രേഖക്കൊപ്പം നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൊല നടന്ന ദിവസം ഉപയോഗിച്ചിരിക്കുന്നത് ഹൈദരാബാദിലാണ്. ചിലപ്പോള്‍ ഈ നമ്പര്‍ അനാര്‍ ആര്‍ക്കെങ്കിലും കൈമാറിയിരിക്കാം എന്ന് പൊലീസ് സംശയിക്കുന്നു. അസം പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സഹായത്തോടെ അനാറിനുവേണ്ടിയുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് വൃത്തങ്ങള്‍അറിയിച്ചു. ഇതിനിടെ മൃഗത്തെ പീഡിപ്പിച്ച കേസില്‍ അമീറിനെ പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ നാളെ കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.  അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് ചോദിക്കുന്നതെങ്കിലും പരമാവധി രണ്ട് ദിവസം മാത്രമേ കോടതി അനുവദിക്കാന്‍‍ സാധ്യതയുള്ളൂ. സംഭവ ദിവസം അമീറിനെ വീടിന്റെ പരിസരത്ത് കണ്ടതായി ആടിന്റെ ഉടമയായ പൊലീസുകാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളും പൊലീസിന്‍റെ പക്കലുണ്ട്.

click me!