
തിരുവനന്തപുരം: കേരളത്തിലെ ലൈംഗിക തൊഴിലിന്‍റെ രൂപമാറ്റം എച്ച്ഐവി നിയന്ത്രണ സംവിധാനത്തിന് വെല്ലുവിളിയാകുന്നു എന്ന് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. മുന്‍പ് കേരളത്തിലെ ലൈംഗിക തൊഴിലാളികള്‍ കൂടുതല്‍ പ്രത്യക്ഷരാണെങ്കിലും. ഇപ്പോള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് ആളുകളെ തേടുന്ന ലൈംഗിക തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. ഓണ്‍ലൈന്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ ഇത്തരം ജോലികള്‍ നടത്തുന്നത്. അതിനാല്‍ തന്നെ വര്‍ഷങ്ങളായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഇത്തരം വിഭാഗങ്ങള്‍ക്കിടയില്‍ നടത്തുന്ന ബോധവത്കരണത്തിനും മറ്റും വെല്ലുവിളിയുണ്ടെന്ന് എസിഎ അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
എങ്കിലും പൊതുസമൂഹത്തിലുള്ള എച്ച്ഐവി സംബന്ധിച്ച ബോധം ഏയ്ഡ്സ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നു എന്നാണ് റിപ്പോര്‍ട്ട്. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി സംസ്ഥാനത്തെ 60 ഒളം ഫീല്‍ഡ് വര്‍ക്കര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം എച്ച് ഐ വി ബാധിതരായ ലൈംഗിക തൊഴിലാളികളുടെ എണ്ണം കുറഞ്ഞു എന്നു കണ്ടെത്തിയിട്ടുണ്ട്. അതേ സമയം തന്നെ ലൈംഗിക തൊഴിലാളികളാകുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട്. കണക്ക് പ്രകാരം 11,707 പുരുഷ ലൈംഗിക തൊഴിലാളികള്‍ സംസ്ഥാനത്ത് ഉണ്ട്. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ള സ്ത്രീ ലൈംഗിക തൊഴിലാളികളുടെ എണ്ണം 15,802 ആണ്.
എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ വാട്ട്‌സ്ആപ്പ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്, രഹസ്യമായി നിശ്ചിത സ്ഥലത്ത് എത്തി തൊഴിലില്‍ ഏര്‍പ്പെടുന്നവരാണു കൂടുതല്‍ പേരും എന്ന് സര്‍വേ വ്യക്തമാക്കുന്നു. ആര്‍ഭാഢ ജീവിതത്തിനായി താല്‍ക്കാലികമായി ഈ തൊഴില്‍ സ്വീകരിക്കുന്നവരും ഉണ്ടെന്നു കണ്ടെത്തി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗിക തൊഴിലാളികള്‍ ഉള്ളത് തിരുവനന്തപുരത്താണ്. 2155 സ്ത്രീകള്‍ ഉണ്ടെന്നാണ് കണക്ക്. ഈ തൊഴിലിയില്‍ ഏര്‍പ്പെടുന്ന 609 സ്ത്രീകളെ മാത്രം കണ്ടെത്തിയ പത്തനംതിട്ടയാണ് ഈ പട്ടികയില്‍ പിന്നില്‍. അതേ സമയം പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണത്തില്‍ മലപ്പുറമാണ് മുന്നില്‍ ഇവിടെ 1509 പേരെ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം വയനാട്ടില്‍ നിന്ന് ഒരു പുരുഷ ലൈംഗിക തൊഴിലാളിയെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam