കണക്ക് വിവാദത്തിൽ നടപടി വരും; അധ്യാപകനെതിരെ ക്രിമിനല്‍കേസ് വരും

By Web DeskFirst Published Mar 27, 2017, 5:58 AM IST
Highlights

തിരുവനന്തപുരം: എസ്എസ്എൽ സി കണക്ക് പരീക്ഷാ വിവാദത്തിൽ ചോദ്യം തയ്യാറാക്കിയ അധ്യാപകനെതിരെ ക്രിമിനൽ കേസ് എടുത്തേക്കും. അതിനിടെ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന നിരവധി അധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ സെന്ററുകളും ഏജൻസികളുമായും ബന്ധമുണ്ടെന്ന വിവരവും വിദ്യാഭ്യാസവകുപ്പിന് കിട്ടി.

കണക്ക് ചോദ്യപേപ്പർ തയ്യാറാക്കിയ കണ്ണൂർ സ്വദേശിയായ അധ്യാപകനെയും അയാളുടെ സുഹൃത്തായ മറ്റൊരു അധ്യാപകനെയും കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസവകുപ്പിന്റെ അന്വേഷണം. രണ്ട് പേർക്കും അരീക്കോടെ മെറിറ്റ് എന്ന സ്ഥാപനത്തിന് പുറമെ ആറ്റിങ്ങലിലെയും കിളിമാനൂരിലെയും ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധമുണ്ടെന്നാണ് വിവരം . 

കണ്ണൂർ സ്വദേശിയായ അധ്യാപകന്‍റെ സുഹൃത്തായ അധ്യാപകൻ വർഷങ്ങളായി ചട്ടം ലംഘിച്ച് വിവിധ സ്വകാര്യ സ്ഥാപനങ്ങൾക്ക് കണക്ക് പരീക്ഷാ ചോദ്യങ്ങൾ തയ്യാറാക്കി നൽകുന്നുണ്ട്. ഇയാളിൽ നിന്നും ലഭിച്ച ചോദ്യപേപ്പറാണ് എസ്എസ്എൽസി ചോദ്യം തയ്യാറാക്കാനുള്ള പാനലിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിയ പരീക്ഷക്കായി നൽകിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. 

എസ് സിഇ.ആർടിയിൽ പ്രവർത്തിക്കുന്ന ചോദ്യം തയ്യാറാക്കുന്ന സെറ്റേഴ്സ് എന്ന അധ്യാപകരുമായി സ്വകാര്യ സ്ഥാപനങ്ങൾക്ക് ബന്ധമുണ്ടെന്ന വിവരവും വിദ്യാഭ്യാസവകുപ്പിന് കിട്ടി. വൻ തുക നൽകി സെറ്റേഴ്സിൽ നിന്നും സ്വകാര്യ ഏജൻസികൾ ചോദ്യങ്ങൾ വാങ്ങിക്കാറാണ് പതിവ്. എസ്എസ്ൽസിക്ക് വന്ന ഭൂരിപക്ഷം ചോദ്യങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ മാതൃകാ ചോദ്യത്തിൽ നിന്നാണെന്ന് പരസ്യം വരെ ചില സ്ഥാപനങ്ങൾ നൽകാറുണ്ട്. 

പൊതുവിദ്യാഭ്യാ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സ്വദേശിയായ അധ്യാപകനെയും സുഹൃത്തായ അധ്യാപകനെയും സസ്പെൻഡ് ചെയ്യാനാണ് സാധ്യത. പിന്നാലെ ക്രിമിനൽ കേസ് എടുത്ത് സമഗ്രമായ പൊലീസ് അന്വേഷണത്തിനും ശുപാർശ ചെയ്തേക്കും. അതിനിടെ 31 ന് നടക്കേണ്ട കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ അച്ചടി ഇന്ന് തീരും. 29 നുള്ളിൽ പരീക്ഷാകേന്ദ്രങ്ങളിൽ വിതരണം ചെയ്യാനാണ് ശ്രമം.

click me!