
ഇന്ത്യയില്‍ സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട വര്‍ധിച്ചത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഹജ്ജ് ക്വാട്ട സംസ്ഥാനങ്ങള്‍ക്കിടയില്‍ എങ്ങിനെ വീതം വെക്കണം എന്നതിനെ കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. അടുത്ത വര്‍ഷം പുതിയ ഹജ്ജ് പോളിസി വരും.
കഴിഞ്ഞ ദിവസം ഒപ്പ് വെച്ച ഹജ്ജ് കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നും ഇത്തവണ 1,70,025തീര്‍ഥാടകര്‍ ആണ് ഹജ്ജിനെത്തുക. ഇതില്‍ 1,25,025 തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം സ്വകാര്യ ഗ്രൂപ്പുകളുടെ ക്വാട്ട 36,000 ആയിരുന്നു. സ്വകാര്യ ക്വാട്ടയുടെ വര്‍ധനവ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ ആയിരിക്കും. ക്വാട്ട ആവശ്യപ്പെട്ടു കൊണ്ടുള്ള സ്വകാര്യഗ്രൂപ്പുകളുടെ അപേക്ഷകള്‍ ഈ മാസം ഇരുപത് വരെ ഇന്ത്യാ ഗവണ്മെന്റ് സ്വീകരിക്കും. ശേഷം ഹജ്ജ് പോളിസിപ്രകാരം ക്വാട്ട ഗ്രൂപ്പുകള്‍ക്കിടയില്‍ വീതം വെക്കും. പരിചയ സമ്പത്തുള്ള പഴയ ഏജന്‍സികള്‍ക്ക് കൂടുതല്‍ ക്വാട്ട ലഭിക്കുമ്പോള്‍ പുതിയ ഏജന്‍സികള്‍ക്ക് താരതമ്യേന ചെറിയ ക്വാട്ടയാണ് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
നിലവിലുള്ള ഹജ്ജ് പോളിസി ഈ വര്‍ഷത്തോടെ അവസാനിക്കും. അടുത്ത വര്‍ഷം പുതിയ ഹജ്ജ് പോളിസി തയ്യാറാക്കുമ്പോള്‍ സ്വകാര്യ ഗ്രൂപ്പുകളുടെ നിലവിലുള്ള വിഹിതം പുനര്‍നിര്‍ണയിക്കണം എന്നാവശ്യപ്പെട്ട് പുതിയ ഏജന്‍സികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷമാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ ക്വാട്ട. ഇത് സംസ്ഥാനങ്ങള്‍ക്കിടയില്‍ എങ്ങിനെ വീതം വെക്കണം എന്നതിനെ കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞിരുന്നു. ഓരോ സംസ്ഥാനത്തെയും മുസ്ലിം ജനസംഖ്യക്കാനുപാതികമായി വീതം വെക്കുന്നതിനു പകരം അപേക്ഷകളുടെ എണ്ണത്തിനനുസരിച്ച് ക്വാട്ട വീതം വെക്കണമെന്ന ആവശ്യം ശക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam