മേയ് ഒന്നു മുതൽ നോക്കുകൂലി ഇല്ല; പിന്തുണച്ച് ട്രേഡ് യൂണിയന്‍

By Web DeskFirst Published Mar 8, 2018, 10:47 PM IST
Highlights
  • മേയ് ഒന്നു മുതൽ കേരളത്തിൽ നോക്കുകൂലി ഇല്ല
  • സര്‍ക്കാരിന് ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ പിന്തുണ

തിരുവനന്തപുരം: കേരളത്തിൽ മെയ് ഒന്ന് മുതൽ നോക്കുകൂലി അവസാനിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേര്‍ത്ത കേന്ദ്ര ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തില്‍ പങ്കെടുത്ത ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ സർക്കാരിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും അവസാനിപ്പിക്കുവാന്‍ യോഗത്തില്‍ ധാരണയായി.

നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോള്‍ തന്നെ, യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ ആലോചിക്കും. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികള്‍ വരുമ്പോഴും അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിലാളി സംഘടനകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് വ്യവസായികള്‍ക്കും പരാതിയില്ല. എന്നാല്‍ കേരളത്തെക്കുറിച്ചുളള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്‍റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീര്‍ത്തും അവസാനിപ്പിക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാ തൊഴിലാളി സംഘടനകളും ഇക്കാര്യത്തില്‍ സഹകരിക്കണം. കൂട്ടായ ശ്രമത്തിന് ഫലമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
 

click me!