കേരളത്തിലെ ട്രെയിനുകളുടെ യാത്രാസമയം കൂട്ടി; മാറ്റം ഒരുമണിക്കൂര്‍ വരെ

By Web DeskFirst Published Jun 16, 2018, 1:36 PM IST
Highlights
  • കേരളത്തിലെ ട്രെയിനുകളുടെ യാത്രസമയം കൂട്ടി
  • അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ മാറ്റം
  • പ്രതിഷേധം ശക്തമാകുന്നു
  • കേരളത്തിലെ ശരാശരി വേഗത 30 കി,മി.ആയി ചുരുങ്ങി

തിരുവനന്തപുരം: കേരളത്തില്‍ ട്രെയിനുകളുടെ യാത്രാസമയം കൂട്ടിയ റെയില്‍വേയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യാത്രക്കാരുടെ വിവിധ സംഘടനകള്‍ റെയില്‍വേ ഡിവിഷന്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങുകയാണ്. സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 30 കിലോമീറ്റര്‍ ആണെന്നും ഇത് ശരാശരിയിലും താഴെയാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ കത്തിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. 

യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽ സമയം പാലിച്ചോ എന്നു മാത്രം പരിശോധിച്ചാണു ട്രെയിനുകളുടെ കൃത്യനിഷ്ഠ നിർണയിക്കുന്നത്. ട്രെയിനുകൾ വൈകിയാൽ ജനറൽ മാനേജർമാർക്കെതിരെ നടപടിയെടുക്കുമെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ ഉത്തരവു മറികടക്കാനാണു പുതിയ സമയക്രമവുമായി  റെയിൽവേ രംഗത്തിറങ്ങിയിരിക്കുന്നത്. 

കേരളത്തില്‍ ഓടുന്ന 71 ട്രെയിനുകളുടെ  എത്തിച്ചേരല്‍ സമയം പുതുക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് രാത്രി 8.50ന് തിരുവനന്തപുരത്ത് എത്തിയരുന്ന ജനശതാബ്ദിയുടെ പുതുക്കിയ എത്തിച്ചേരല്‍  സമയം രാത്രി 9.35 ആണ്, രാത്രി 10.30ന് എത്തിയിരുന്ന വേണാട് എക്സപ്രസിന്‍റെ പുതുക്കിയ സമയം രാത്രി 11 മണിയാണ്. ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തില്‍ മാറ്റമില്ല. ഫലത്തില്‍ യാത്രാസമയം അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നീളും

കേരളത്തിൽ 40 ശതമാനത്തിൽ താഴെ പോയ കൃത്യനിഷ്ഠ 80 ശതമാനാമാക്കാനാണു പുതിയ സമയക്രമത്തിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. ഫലത്തില്‍ കേരളത്തിലോടുന്ന ട്രെയിനുകളുടെ ശരാശരി  വേഗത മണിക്കൂറില്‍ 30 കിലോമീറ്ററിലേക്ക് ചുരുങ്ങുന്നുവെന്നതാണ് വസ്തുത.

click me!