ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസിൽ അറസ്റ്റിലായ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങളാണെന്നും ബിറ്റ് കോയിൻ വഴിയാണ് തട്ടിപ്പ് പണം വിദേശത്തേക്ക് കടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

ദില്ലി: മലയാളികൾ അറസ്റ്റിലായ ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസിൽ അറസ്റ്റിലായവരെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംമ്പോഡിയൻ സംഘങ്ങളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 10 പേരെയാണ് ഇതുവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി, ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവരെയാണ് സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് പിടികൂടിയത്. വിദേശത്ത് നിന്നുള്ള സംഘമാണ് ഇവരെ നിയന്ത്രിച്ചിരുന്നത് എന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ റാക്കറ്റുകളാണെന്ന് പൊലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ തട്ടിപ്പ് മൊഡ്യൂളിലെ ആളുകൾ മൂന്ന് സംഘമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ യുപിയിൽ നിന്ന് അറസ്റ്റിലായ ധർമ്മേന്ദ്രൻ അടങ്ങുന്ന സംഘമാണ്, ആളുകളെ കർണാടക പൊലീസ് എന്ന വ്യാജേന വിളിച്ച് അറസ്റ്റിന്റെ പേരിൽ പണം തട്ടുന്നത്.

രാജസ്ഥാനിൽ നിന്ന് പിടികൂടിയ മൂന്ന് പ്രതികളാണ് തട്ടിപ്പിന് വേണ്ടി സിം കാർഡുകൾ സംഘടിപ്പിച്ചിരുന്നത്. മലയാളികളായ ബുർഹാരി, സാദിഖ് എന്നിവർ പണം കൈമാറ്റം ചെയ്യാനായി കള്ളപ്പേരിൽ അക്കൌണ്ടുകൾ സംഘടിപ്പിച്ചു നൽകും. വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് അവർ അറിയാതെ അക്കൌണ്ടുകൾ എടുക്കുകയും അതിലൂടെ തട്ടിപ്പ് പണം ചൈനീസ് സംഘത്തിന് കൈമാറുകയും ചെയ്യുന്നത് മലയാളികളാണെന്ന് പൊലീസ് പറയുന്നു. ബിറ്റ് കോയിൻ ഇടപാട് വഴിയാണ് തട്ടിപ്പ് പണം വിദേശത്തേക്ക് കടത്തുന്നത്. ഇവരെ നിയന്ത്രിച്ചിരുന്ന വിദേശ വ്യക്തികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിനായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് നൽകുന്ന വിവരം.

YouTube video player