
മലപ്പുറം: വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ യുവതിയ്ക്ക് നേരെ ഒരു സംഘത്തിന്റെ വധഭീഷണി. മലപ്പുറം വണ്ടൂരില്‍ ജുമാ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയ ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജാമിദ ടീച്ചര്‍ക്ക് നേരെയാണ് സോഷ്യല്‍ മീഡിയ വഴി വധഭീഷണി ഉയരുന്നത്. എന്നാല്‍ തിരിച്ചടികള്‍ തിരിച്ചറിവുകള്‍ക്കുള്ള പാഠമാണെന്നും തന്റെ ഉദ്യമത്തില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് ടീച്ചറുടെ പ്രതികരണം.
ഫോണിലൂടെയും നേരിട്ടും ഭീഷണികളുണ്ടെന്നും പൊലീസിന് പരാതി നല്‍യിട്ടുണ്ടെന്നും ജാമിദ പറഞ്ഞു. തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവനോടെ കത്തിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. താന്‍ ഇസ്‌ലാമിനെ അവഹേളിച്ചെന്നും ഇനി ജീവിക്കാന്‍ അവകാശമില്ലെന്നും ചിലര്‍ ഭീഷണിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ തനിക്ക് ഭയമില്ല. എന്നാല്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൂടി ഭീഷണി മുഴക്കുന്നവര്‍ ഭീരുക്കളാണെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെടാനില്ലെന്നും ടീച്ചര്‍ വ്യക്തമാക്കി. സ്ത്രീകള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് വരും ദിവസങ്ങളില്‍ മറ്റിടങ്ങളലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുസ്ലീം പുരുഷന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയായ ജുമുഅയ്ക്ക് ജാമിദയുടെ നേതൃത്വം നല്‍കിയത്. ചേകന്നൂര്‍ മൗലവിയുടെ ആശയ പ്രകാരം പ്രവര്‍ത്തിക്കുന്ന ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റിയില്‍ വെള്ളിയാഴ്ചകളില്‍ നടക്കുന്ന പ്രാര്‍ത്ഥനക്ക് സാധാരണ പുരുഷന്‍മാര്‍ തന്നെയാണ് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍, ഇനി വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്താനാണ് സൊസൈറ്റിയുടെ തീരുമാനം. രാജ്യത്ത് ആദ്യമായാണ് സ്ത്രീ ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്‍കുന്നതെന്നൂം ഇവര്‍ അവകാശപ്പെടുന്നു. ഖുര്‍ ആനില്‍ ഇതിന് വിലക്കൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. ജുമാ ഖുത്ബക്കും നമസ്‌ക്കാരത്തിനും ഇനി കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിക്കും. അമേരിക്കയിലെ നവോത്ഥാന മുസ്ലീം വനിതാ നേതാവ് ആമിന വദൂദ് ആണ് ഇതിനുമുമ്പ് ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam