
തിരുവനന്തപുരം: ''ഇനി എന്താണ് ചെയ്യേണ്ടത്... എന്തൊക്കെ ആവശ്യസാധനങ്ങള്‍ എത്തിക്കണം...'' ചോദ്യവുമായി എത്തുന്നത് ഒന്നല്ല... പത്തല്ല... ഒരായിരം പേരാണ്. കേരളത്തെ കണ്ണീരിലാഴ്ത്തിയ പ്രളയക്കെടുതി അത്ര ഭീതിതമായി ആഞ്ഞടിക്കാത്ത തിരുവനന്തപുരത്തെ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കുന്ന സെന്‍ററുകളിലാണ് ഈ ചോദ്യവുമായി യുവ സമൂഹം കൂട്ടമായി എത്തുന്നത്.
തിരുവനന്തപുരം ജില്ലയിലെ മാത്രം കാര്യമല്ലിത്. സംസ്ഥാനത്ത് മുഴുവന്‍ ഒറ്റക്കെട്ടായുള്ള പോരാട്ടമാണ് നടക്കുന്നത്. ക്യാമ്പുകള്‍ ആരംഭിക്കുന്നതായും കളക്ഷന്‍ സെന്‍ററുകള്‍ തുറക്കുന്നതായുമുള്ള അറിയിപ്പ് ലഭിച്ചപ്പോള്‍ മുതല്‍ യുവാക്കള്‍ അങ്ങോട്ടേയ്ക്ക് ഒഴുകുകയാണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നാടിന്‍റെ ദുരിതം മാറ്റാന്‍ അവര്‍ രാവെന്നും പകലെന്നുമില്ലാതെ ഓടി നടക്കുന്നു.
വോളന്‍റിയര്‍ എന്ന നിലയില്‍ സേവനം ചെയ്യാന്‍ സാധിക്കാത്തവര്‍ പണം സമാഹരിച്ച് ആവശ്യസാധനങ്ങള്‍ എത്തിക്കുന്നു. തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്കൂളില്‍ ഇന്നലെ സാധനങ്ങള്‍ വര്‍ധിച്ചതിനാല്‍ കളക്ഷന്‍ സെന്‍റര്‍ അടച്ചിടേണ്ട അവസ്ഥ പോലുമുണ്ടായി. ക്യാമ്പിലുള്ളവരെ സഹായിക്കാന്‍ യുവസമൂഹമാണ് മുന്നിട്ടറങ്ങുന്നത്. മുഴുവന്‍ സാധനങ്ങളും ആളുകള്‍ ക്യാമ്പിലേക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും നല്‍കാന്‍ വാങ്ങിയതിനാല്‍ പല കടകളില്‍ അതിവേഗം സ്റ്റേക്കുകള്‍ തീരുകയാണ്.
ഇതനുസരിച്ച് സാധനങ്ങള്‍ എത്തിക്കുമെന്നാണ് വ്യാപാരികള്‍ അറിയിക്കുന്നത്. വിലക്കൂട്ടി വില്‍ക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ടെങ്കിലും ഏറെ വ്യാപാരികളും ഏറെ സഹായമനസ്കതയോടെയാണ് പെരുമാറുന്നത്.
പ്രളയം ഒഴിഞ്ഞാലും ഇനി കേരളത്തെ കാത്തിരിക്കുന്നത് ഒരുപാട് പ്രതിസന്ധികളാണ്. ഇതിനെയെല്ലാം ദുരിതബാധിതര്‍ ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരില്ലെന്ന സ്നേഹത്തോടെയുള്ള സന്ദേശമാണ് യുവസമൂഹം നല്‍കുന്നത്. ഡിവെെഎഫ്ഐ, എസ്എഫ്ഐ, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവ, വിദ്യാര്‍ഥി സംഘടനകളും ക്യാമ്പുകളില്‍ സഹായമെത്തിക്കുന്നതില്‍ മുന്‍നിരയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam