
തിരുനെല്‍വേലിയിലെ സ്വകാര്യ പോളിടെക്നിക് കോളേജില്‍ പഠിക്കുന്ന, അഞ്ചല്‍ നെടിയറ ആശാരി പറമ്പില്‍ വീട്ടില്‍ ശ്രീജിത്, ആവണീശ്വരം സ്വദേശി അജ്മല്‍, കണ്ണൂര്‍ സ്വദേശി നിഖില്‍ ജേക്കബ് എന്നിവരാണ് റാഗിംഗിനിരയായത്. ഇവരില്‍ ശ്രീജിതും അജ്മലും പുനലൂര്‍ താലൂക്ക് ആശുപത്രിയിലും നിഖില്‍ ജേക്കബ് തിരുനെല്‍വേലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളാണിവര്‍. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇവരെ സമീപിച്ച് അസൈന്‍മന്റ് വര്‍ക്കുകളും റെക്കോര്‍ഡുകളും ചെയ്ത് തരണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിനു തയ്യാറാകാതെ വന്നപ്പോഴായിരുന്നു മര്‍ദ്ദനം. ഹോസ്റ്റല്‍ റൂമിന്റെ വാതില്‍ ചവിട്ടി തുറന്നാണ് മര്‍ദിച്ചത്.
തിരുവനന്തപുരം സ്വദേശികളായ അന്‍സല്‍, സംഗീത്, കൊട്ടാരക്കര സ്വദേശി പ്രജിത്ത്, പത്തനംതിട്ട സ്വദേശി ബിജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഇടിക്കട്ടകൊണ്ടുള്ള മര്‍ദനത്തില്‍ ശ്രീജിത്തിന്റെ ഒരു കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനത്തിന് ശേഷം സംഘം മൂവരേയും മുറിക്കുള്ളിലാക്കി പുറത്ത് നിന്ന് പൂട്ടി. പിന്നീട് സെക്യൂരിറ്റി ജീവനക്കാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവം ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചെങ്കിലും വിവരം പുറത്ത് അറിയാതിരിക്കാന്‍ വേണ്ടി മൊബൈല്‍ ഫോണ്‍ വാങ്ങിവെയ്‌ക്കുകയാണുണ്ടായത്. മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചതിന് ശേഷം ശ്രീജിത്തും അജ്മലും ട്രയിന്‍ വഴി ചെങ്കോട്ടയിലെത്തുകയായിരുന്നു. ഇവിടെ നിന്നും ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പുനലൂര്‍ പൊലീസില്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam