
കോട്ടയം: കെവിൻ വധക്കേസിലെ പ്രധാന പ്രതികൾ കീഴടങ്ങി. കെവിന്റെ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വധുവിന്റെ സഹോദരൻ ഷാനു ചാക്കോയും അച്ഛൻ ചാക്കോയും കണ്ണൂരിൽ നിന്നാണ് പിടിയിലായത്. ഇരവരും കണ്ണൂർ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയെന്നാണ് റിപ്പോർട്ട്. ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
കേസിലെ പ്രധാന പ്രതികളായ ഇരുവരും നേരത്തെ ബംഗളുരുവിലേക്ക് കടന്നിരുന്നു. ഇവരെ പിന്തുടർന്ന് പൊലീസിന്റെ പ്രത്യേക സംഘവും ബംഗളുരുവിലെത്തി. പിന്നാലെ ഇരുവരും കേരളത്തിലേക്ക് മടങ്ങി. ഇവരുടെ ചിത്രങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നൽകിയിരുന്നു. പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കിയതിനെ തുടർന്നാണ് ഇരുവരും കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇവരെ പിന്തുടർന്നെത്തിയ അന്വേഷണസംഘം അധികം വൈകാതെ ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ഇപ്പോൾ കോട്ടയത്തേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്യുന്നതോടെ കെവിന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട ആസൂത്രണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരും.
വിദേശത്തായിരുന്ന ഷാനു ദിവസങ്ങൾക്ക് മുൻപാണ് കേരളത്തലെത്തിയത്. വിദേശത്ത് വച്ച് തന്നെ കുറ്റകൃത്യത്തിന്റെ ആസൂത്രണം നടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൃത്യത്തിൽ പങ്കെടുക്കേണ്ട ആളുകളെയും പണവും വാഹനവുമെല്ലാം വിദേശത്ത് നിന്ന് തന്നെ സംഘടിപ്പിച്ചിരിക്കാമെന്നും പൊലീസ് കരുതുന്നു. കേസിൽ ആകെ പതിനാലു പ്രതികളാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കൂടി ചുമത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam