നഴ്സിംഗ് സൂപ്രണ്ടിനെകൊണ്ട് ആശുപത്രി വൃത്തിയാക്കിച്ചു; നഴ്സുമാരുടെ പ്രതിഷേധം

By Web TeamFirst Published Dec 16, 2018, 5:56 PM IST
Highlights

ഡിഎച്ച്എസിന്‍റെ നടപടി നീതികേടെന്നും രോഗികളുടെയും മറ്റു ജീവനക്കാരുടെയും മുന്നില്‍ വച്ച് സൂപ്രണ്ടിനെ അപമാനിച്ചെന്നും ആരോപിച്ചായിരുന്നു കെജിഎന്‍എയുടെ പ്രതിഷേധം

തിരുവനന്തപുരം: നഴ്സിംഗ് സൂപ്രണ്ടിനെകൊണ്ട് ആശുപത്രി വൃത്തിയാക്കിച്ച ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കെതിരെ നഴ്സുമാരുടെ പ്രതിഷേധം. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിനെക്കൊണ്ട് ഡിഎച്ച്എസ് ശുചിമുറി ഉള്‍പ്പെടെ നിര്‍ബന്ധിച്ച് വൃത്തിയാക്കിച്ചുവെന്നാണ് പരാതി.

ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രി സന്ദര്‍ശനത്തിനെത്തിയ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത വാര്‍ഡും ശുചിമുറിയും പരിശോധിച്ചു. ശുചിത്വം അത്ര പോരെന്ന് കണ്ടതോടെ നഴ്സിംഗ് സൂപ്രണ്ട് സുരജ കുമാരിയെ വിളിപ്പിച്ച ഡിഎച്ച്എസ് കാരണം അന്വേഷിച്ചു.

ശുചീകരണ ജീവനക്കാര്‍ വേണ്ടത്രയില്ലെന്നും വൈകിട്ടുളള ഷിഫ്റ്റിലുളളവര്‍ വന്നാലുടന്‍ ശുചീകരണം നടത്തുമെന്നും അറിയിച്ചു. എന്നാല്‍, സൂപ്രണ്ട് തന്നെ വൃത്തിയാക്കണമെന്നായി ഡിഎച്ച്എസ്. വാഷ്ബേസിന്‍ വൃത്തിയാക്കിയ ശേഷം വാര്‍ഡും ശുചിമുറിയും ഡിഎച്ച്എസ് സൂപ്രണ്ടിനെക്കൊണ്ട് തന്നെ വൃത്തിയാക്കിച്ചു.

ഡിഎച്ച്എസിന്‍റെ നടപടി നീതികേടെന്നും രോഗികളുടെയും മറ്റു ജീവനക്കാരുടെയും മുന്നില്‍ വച്ച് സൂപ്രണ്ടിനെ അപമാനിച്ചെന്നും ആരോപിച്ചായിരുന്നു കെജിഎന്‍എയുടെ പ്രതിഷേധം. ഡിഎച്ച്എസിനെക്കുറിച്ച് നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കെജിഎന്‍എ ആരോപിച്ചു. എന്നാല്‍, സംഭവത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ഡിഎച്ച്എസ് ആര്‍ എല്‍ സരിതയുടെ പ്രതികരണം. 

click me!