റാഗിംങ്ങില്‍ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ വൃക്ക മോഷ്ടിച്ചു

By Web DeskFirst Published Mar 20, 2017, 5:51 PM IST
Highlights

റാഗിംങ്ങിനിരയായി മൂന്ന് വര്‍ഷം മുൻപ് മരിച്ച തൃശൂരിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ വൃക്ക മോഷ്ടിച്ചിരുന്നതായി പരാതി. വിദ്യാർത്ഥിയുടെ ശരീരത്തിൽ ശസ്ത്രക്രിയയുടെ പാടുണ്ടായിരുന്നെന്ന് പോസ്റ്റ്മോർട്ടം  റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ ബംഗളുരു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുട്ടിയുടെ മാതാപിതാക്കൾ.

2014 ജനുവരിയിലാണ് ബംഗളുരു ആചാര്യ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്‍റ് എഞ്ചിനീയറിംഗ്  കോളേജിൽ പഠിക്കുകയായിരുന്ന അഹബിനെ റാഗിംഗിനിടെയുണ്ടായ പരിക്കിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബാംഗളുരുവിലും നാട്ടിലുമായി ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസ് നടപടികൾക്കായി അഭിഭാഷകൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കുന്പോഴാണ് നാഭിക്ക് മുകളിലായി 12 ഇഞ്ച് നീളത്തിൽ ശസ്ത്രക്രിയ നടത്തിയ പാടുണ്ടെന്ന  പരാമർശം ശ്രദ്ധയിൽ പെടുന്നത്. എന്നാൽ വീട്ടുകാരുടെ അറിവിൽ അഹബിന് യാതൊരു ശസ്ത്രക്രിയയും ചെയ്തിട്ടില്ലെന്ന് മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നു.

അഹബ് ബംഗളുരുവിൽ ചികിത്സയിലുള്ള സമയത്ത് വൃക്ക മോഷ്ടിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് വീട്ടുകാര്‍ കരുതുന്നത്. കണ്ണൂർ സ്വദേശികളടക്കം ആറ് പേർ കേസിൽ പ്രതികളാണെങ്കിലും മൂന്ന് വര്‍ഷമായിട്ടും  ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. . ബംഗളുരു പൊലീസ് അന്വേഷിക്കുന്ന കേസിൽ ഇടപെടാനാവില്ലെന്നാണ് കേരള പൊലീസിൻറെ നിലപാട്.  കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബംഗലൂരു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

 

click me!