
തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്റെ നിയമഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം.അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ സംവിധാനത്തിലൂടെ പണം സമാഹരിക്കാനാണ് കിഫ്ബി. അഞ്ചു വര്‍ഷം കൊണ്ട് ഒരുലക്ഷം കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം.
കിഫ്ബിയെ ശക്തിപ്പെടുത്താന്‍ ഘടനാപരമായ മാറ്റത്തിനുള്ള ഭേദഗതി ഓര്‍ഡിനന്‍സിനാണ് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് . മുഖ്യമന്ത്രി ചെയര്‍മാനും ധനമന്ത്രി വൈസ് ചെയര്‍മാനുമായി ബോര്‍ഡ് പുനസംഘടിപ്പിക്കും. ചീഫ് സെക്രട്ടറി, ധനസെക്രട്ടറി, നിയമസെക്രട്ടറി തുടങ്ങിയവര്‍ ഇതില്‍ അംഗങ്ങളായിരിക്കും ഇതുകൂടാതെ ഏഴംഗങ്ങളുള്ള ഒരു സ്വതന്ത്ര കമ്മറ്റിയും രൂപീകരിക്കും. ഇതില്‍ ബാങ്കിങ് ധന മാനേജ്മെന്റ് മേഖലകളിലെ വിദഗ്ധരെ സര്‍ക്കാര്‍ നിര്‍ദേശിക്കും. ഇതുകൂടാതെ ഫണ്ട് മാനേജ്മെന്‍റ് കമ്മറ്റിയും ഒരു സിഇഒയും കിഫ്ബിക്കായി ഉണ്ടാകും.
പുതിയ ഓര്‍ഡിനന്‍സിലൂടെ മോട്ടോര്‍ വാഹന നികുതിയുടെ പത്ത് ശതമാനവും പെട്രോളിന്മേലുള്ള സെസും കിഫ്ബിയിലേക്ക് ഉറപ്പുവരുത്തും. റിസര്‍വ് ബാങ്കും സെബിയും അംഗീകരിച്ച മറ്റ് നൂതന ധന സമാഹരണ സംവിധാനങ്ങള്‍ വഴിയും കിഫ്ബിയിലേക്ക് നിക്ഷേപം എത്തിക്കും. 800 കോടി രൂപ ഇതിനോടകം കിഫ്ബിയുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. 1999ലാണ് കിഫ്ബി രൂപീകരിച്ചത്. സര്‍ക്കാര്‍ പ്ലീഡര്‍മാരായി 45 പേരെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അതേസമയം ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായി വി എസ് അച്യുതാനന്ദനെ നിയമിക്കുന്നതിനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലുമുണ്ടായില്ല. ഇതിന്റെ ഘടന, അംഗങ്ങള്‍ ഇതിലൊക്കെ എല്‍ഡിഎഫിലടക്കം ചര്‍ച്ച ചെയ്ത ശേഷമേ ഇതില്‍ അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടാകൂ എന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam