Latest Videos

വ്യാപാരിയെ കൊന്ന് കബര്‍സ്ഥാനില്‍ കുഴിച്ചിട്ടു; ബന്ധു പിടിയില്‍

By Web DeskFirst Published Jul 17, 2016, 12:35 PM IST
Highlights

ന്യൂമാഹി: കണ്ണൂര്‍ ന്യൂമാഹിയില്‍ വ്യാപാരിയെ കൊന്ന് കബറസ്ഥാനില്‍ കുഴിച്ചിട്ടു. ന്യൂമാഹി സ്വദേശി സിദ്ദിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍  മമ്മിമുക്ക് സ്വദേശിയും സിദ്ധീഖിന്റെ അകന്ന ബന്ധുവുമായ യൂസഫിനെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. വീണുകിട്ടിയ മൊബൈൽഫോൺ കൊല്ലപ്പെട്ട സിദ്ധീഖിന്റെ  ഖബറിടത്തിലുപേക്ഷിച്ചും മറ്റും സമര്‍ത്ഥമായ നീക്കങ്ങളിലൂടെ പൊലീസിന്റെ കണ്ണുവെട്ടിക്കാൻ പ്രതി യൂസഫ് നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല.   

കൊലപാതകത്തെക്കുറിച്ച് പൊലീസിന്‍റെ വിശദീകരണം ഇങ്ങനെ.  കാലങ്ങളായി സുഹൃത്തുക്കളും അകന്ന ബന്ധുക്കളുമായ യൂസഫും കൊല്ലപ്പെട്ട വ്യാപാരി സിദ്ദീഖും തമ്മിൽ പണമിടപാടും മറ്റു തരത്തിലുള്ള അനാശാസ്യ ബന്ധങ്ങളുമുണ്ടായിരുന്നു.  ഇരുവരും പള്ളിയിൽ ഖബര്‍ നിര്‍മ്മിക്കുന്നതിലും ഇതിനായുള്ള സാധനങ്ങളെത്തിക്കുന്നതിലും ഒരുമിച്ചായിരുന്നു. സിദ്ധീഖിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ പള്ളിക്കാട്ടിലെ കാടുപിടിച്ച പ്രദേശമായിരുന്നു ഇരുവരും രഹസ്യമായി ഒന്നിച്ചു കൂടിയിരുന്ന കേന്ദ്രം.  

എപ്പോഴും 50,000 രൂപയോളം കൈവശം വെച്ചിരുന്ന സിദ്ധീഖിനെ, സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യൂസഫ് പണത്തിനായി നോട്ടമിട്ടതോടെയാണ് കൊലപാതകത്തിലേക്കെത്തുന്നത്.  9- ആം തീയ്യതി സിദ്ധീഖിനെ  കാണാതായ ദിവസം ഇരുവരും പള്ളിക്കാട്ടിൽ ഉച്ചക്ക് മൂന്ന് മണിയോടെ ഒന്നിച്ചു. ഇതിന് ശേഷമാണ്  പണത്തിനായി യൂസഫ് സിദ്ധീഖിനെ കൊലപ്പെടുത്തിയത്.  ശേഷം മൃതദേഹം ഇവിടെത്തന്നെ കുഴിച്ചിട്ട് അന്വേഷണം വഴിതെറ്റിക്കാനായി മാഹിയിൽ നിന്ന് വീണു കിട്ടിയ അജ്ഞാതഫോൺ സമീപത്തുപേക്ഷിച്ചു.   

എന്നാൽ കൃത്യം നടന്ന സ്ഥലത്ത് ബലംപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലാത്തത് കൊലനടത്തിയത് സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, സിദ്ധീഖുമായി അടുപ്പമുള്ളയാളാണെന്ന് പൊലീസിന് മനസ്സിലായതാണ് കേസില്‍ വഴിത്തിരിവായത്.  തുടര്‍ന്നു മൂന്നു പേരെ പൊലീസ് ചോദ്യം ചെയ്തു.  പിന്നീടാണ് യൂസഫ് വീടുപണിക്കായി കല്ലിറക്കിയതിന് പണം നൽകിയത് ശ്രദ്ധയിൽപ്പെടുന്നത്. തുടര്‍ന്ന് കല്ലിറക്കിയ  ലോറി ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തതിലൂടെ യൂസഫിലേക്കെത്തുകയായിരുന്നു.

സിദ്ദീഖിൽ നിന്നും കവര്‍ന്ന് ലോറി ഡ്രൈവര്‍ക്ക് യൂസഫ് നൽകിയ നനഞ്ഞ കറൻസികളും അന്വേഷണത്തില്‍ നിര്‍ണായകമായി.  സിദ്ദീഖിനെ കാണാതായ അന്നു തന്നെ നാട്ടുകാര്‍ പൊലീസിൽ പരാതി നൽകിയതും പള്ളിയിലെ സിസിടിവി ദൃശ്യങ്ങളും കേസിൽ പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി.

യൂസഫിനെ പൊലീസ് കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു.  പണം കവരാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

 

click me!