18 അമേരിക്കന്‍ ചാരന്മാരെ ചൈന വധിച്ചതായി റിപ്പോര്‍ട്ട്

By Web DeskFirst Published May 21, 2017, 12:04 PM IST
Highlights

അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ചാരവൃത്തി പ്രവര്‍ത്തനങ്ങളെ ചൈന തകര്‍ത്തുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍. 2010 മുതലുള്ള കാലയളവിലായി സിഐഎയ്ക്ക് ചൈനയില്‍ മാത്രമായി 20ല്‍ അധികം ചാരന്മാരെ നഷ്ടപ്പെട്ടെന്നും അതില്‍ 18പേരെ വധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സിഐഎ ഉണ്ടാക്കിയ പതിറ്റാണ്ടുകളായുള്ള വിശ്വസ്തതയ്ക്ക് സംഭവിച്ച ഏറ്റവും വലിയ തിരിച്ചടിയും വിശ്വാസ വഞ്ചനയും ഇതാണെന്ന് അമേരിക്കയിലെ പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യുയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

സിഐഎയുടെ ഉള്ളില്‍ തന്നെയുള്ള ചാരനാവാം ശ്രമങ്ങളെ പരാജയപ്പെടുത്തിയതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സിഐഎ ഏജന്റ്മാരുമായി സംസാരിക്കുന്ന സംവിധാനം ചൈന ഹാക്ക് ചെയ്തതാകാം കാരണമെന്നും അഭിപ്രായമുണ്ട്. അമേരിക്കയ്ക്ക് ഏറ്റവും അധികം ചാരന്മാരെ നഷ്ടപ്പെട്ടതും ചൈനയിലാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 

20 ഏജന്റുമാരെങ്കിലും കൊല്ലപ്പെടുകയോ, പിടിയാലാവുകയോ ചെയ്തിട്ടുണ്ടെന്നാണ് നിഗമനം. ഏഷ്യയില്‍ താമസമാക്കിയ മുന്‍ സിഐഎ ഏജന്റാണ് ഒറ്റുക്കാരനെന്ന് സംശയിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

അമേരിക്കന്‍ ചാരസംഘടന അതീവ പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. 2010ന്റെ അവസാനം മുതല്‍ ചൈനയില്‍ നിന്നുമുള്ള വിവരങ്ങള്‍ ലഭിക്കാതായതോട് കൂടിയാണ് അമേരിക്ക അപകടം തിരിച്ചറിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റുക്കാരനെതിരെ തെളിവ് ശേഖരിക്കുകയാണ് അമേരിക്ക എന്നും ഉദ്യോഗവൃത്തങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

click me!