
തിരുവനന്തപുരം: ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്ന് കിരണ്‍ റിജിജു പ്രതികരിച്ചു. വലിയ ദുരിതമാണ് ഉണ്ടായതെന്നും കേന്ദ്രമന്ത്രി വിലയിരുത്തി.
ദുരിതം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും 10 ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടും എത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. സംസ്ഥാനത്തെത്തി മഴക്കെടുതി വിലയിരുത്തുന്നതിനുശേഷമായിരുന്നു കിരൺ റിജിജുവിന്‍റെ പ്രതികരണം.
മാനദണ്ഡം അനുസരിച്ചുള്ള സഹായം നല്‍കുമെന്നാണ് കിരണ്‍ റിജിജു മാധ്യമങ്ങളോട് പറഞ്ഞത്. 80 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചു. ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ കാലാവസ്ഥ കേന്ദ്രം കണക്കിലെടുക്കണമെന്നും. 1000കോടിയിലേറെ രൂപയുടെ കേന്ദ്രസഹായം ചോദിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
കാർഷിക മേഖലക്ക് മാത്രമായി 220 കോടി രൂപ സഹായധനം വേണമെന്നാണ് മന്ത്രി വി.എസ് ശിവകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. നിരവധി വീടുകൾക്ക് ഉൾപ്പെടെ മഴക്കെടുതിയിൽ നാശം സംഭവിച്ചുവെന്നും അതുകൊണ്ടുതന്നെ മാനദണ്ഡം മറികടന്നു നഷ്ട പരിഹാരം നൽകാൻ സംസ്ഥാനം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam