ചലോ ലഖ്നൗ; യോഗി ആദിത്യനാഥിന്‍റെ യുപിയിലേക്ക് പ്രക്ഷോഭവുമായി കിസാൻ സഭ

By Web DeskFirst Published Mar 14, 2018, 2:13 PM IST
Highlights
  • കര്‍ഷക സമരം ഉത്തര്‍പ്രദേശിലേക്ക് 
  • സാമൂഹ്യ മാധ്യമങ്ങളിൽ ചലോ ലഖ്നൗ കാംപെയ്ൻ ശക്തം

ലഖ്നൗ: സമകാലിക ഇന്ത്യയുടെ കർഷകസമര ചരിത്രത്തിൽ സമാനതകളില്ലാത്ത മുന്നേറ്റമായിരുന്ന മഹാരാഷ്ട്രയിലെ കർഷക റാലിക്ക് ശേഷം അഖിലേന്ത്യാ കിസാൻ സഭ പ്രക്ഷോഭവുമായി യുപിയിലേക്ക്. നാളെ ഉത്ത‍ർ പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലേക്ക് ആയിരക്കണക്കിന് കർഷകരുടെ മാർച്ച് സംഘടിപ്പിക്കുമെന്നാണ് സിപിഐമ്മിന്‍റെ കർഷകസംഘടനയായ കിസാൻ സഭയുടെ പ്രഖ്യാപനം. ‘ചലോ ലഖ്നൗ’ എന്ന പേരിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലെ കർഷകസമരത്തിന്‍റെ ആവശ്യങ്ങൾക്ക് സമാനമായ  ആവശ്യങ്ങൾ തന്നെയാണ് യുപിയിലും കിസാൻ സഭ ഉന്നയിക്കുന്നത്. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉദ്പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടി താങ്ങുവില പ്രഖ്യാപിക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, കന്നുകാലികളെ വാങ്ങാനും വിൽക്കാനും ബിജെപി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുക, 60 വയസ് പിന്നിട്ട കർഷകർക്ക് 5,000 രൂപ പെൻഷൻ അനുവദിക്കുക, വൈദ്യുതി ഉദ്പാദന, വിതരണ മേഖലകളിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, വൈദ്യുതി നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

മാർച്ചിൽ കർഷകപങ്കാളിത്തം ഉറപ്പാക്കാൻ ഏറെ ദിവസങ്ങളായി ഉത്തർ പ്രദേശ് ഗ്രാമങ്ങളിൽ കിസാൻ സഭ പ്രവർത്തകർ പ്രചാരണത്തിലാണ്. ഉത്തർ പ്രദേശ് കിസാൻ സഭ എന്ന ഫേസ്ബുക്ക് പേജ് വഴിയും വാട്സാപ് ഗ്രൂപ്പുകളിലൂടെയും സമരസംഘാടനം നടക്കുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദം ഏറ്റെടുക്കാനായി രാജിവച്ച ഖൊരക്പൂർ മണ്ഡലത്തിൽ നടന്ന ലോക്സഭാ ഉപ തെരഞ്ഞെടുപ്പിൽ ബിജെപി വന്‍ തിരിച്ചടി നേരിട്ടതിന് തൊട്ടടുത്ത ദിവസമാണ് കിസാൻ സഭ യുപിയുടെ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുന്നത്. മഹേന്ദ്ര ഫട്നാവിസ് സർക്കാരിന് എതിരായി മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച കർഷകമുന്നേറ്റം വൻ വിജയമായതും കിസാൻ സഭയുടെ ആത്മവിശ്വാസം ഉയർത്തുന്നു.

ആയിരക്കണക്കിന് കർഷകർ നാളെ ചലോ ലഖ്നൗ മാർച്ചിൽ പങ്കെടുക്കുമെന്നാണ് കിസാൻ സഭ അവകാശപ്പെടുന്നത്. കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്‍റ് അശോക് ധാവ്ള, ജനറൽ സെക്രട്ടറി ഹന്നൻ മുള്ള, സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകുമെന്നും നേതൃത്വം അറിയിച്ചു. ഏപ്രിൽ മൂന്നിന് ഹിമാചൽ പ്രദേശ് നിയമസഭ വളയാനും അഖിലേന്ത്യാ കിസാൻ സഭ തീരുമാനിച്ചിട്ടുണ്ട്.

click me!