ആദിവാസികളെ മ്യൂസിയം പീസുകളാക്കാനുള്ള പദ്ധതിയില്‍ നിന്ന് കിര്‍ത്താര്‍ഡ്‌സ് പിന്മാറണമെന്ന് പൊതുപ്രവര്‍ത്തകര്‍

By web deskFirst Published Feb 2, 2018, 5:18 PM IST
Highlights

കൊച്ചി:   ആദിവാസികളുടെ പേരില്‍ മ്യൂസിയം നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ നിന്ന് കിര്‍ത്താഡ്‌സ് പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നു. കേന്ദ്ര സര്‍ക്കാറും ഈ പദ്ധതി പരിഗണിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഇത്തരം പദ്ധതികകള്‍ ആദിവാസികളെ മ്യൂസിയം പീസുകളായി ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്നും ഇത്തരം പദ്ധതികള്‍ ആദിവാസികളുടെ ഉന്നമനത്തിനല്ല മറിച്ച് അവരുടെ നാശം പൂര്‍ണ്ണമാക്കുകയേ ഉള്ളൂവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

സ്വതന്ത്ര കാലം മുതല്‍ ആദിവാസി വിഭാഗങ്ങള്‍ ഉന്നയിച്ചിരുന്ന ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ഭൂമി എന്നീ ആവശ്യങ്ങളൊന്നും സ്വതന്ത്രാനന്തര ഇന്ത്യന്‍ ഭരണകൂടത്തിന് പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, കേരളത്തിലെ ആദിവാസി കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം എല്ലാ വര്‍ഷവും മരിച്ചു വീഴുമ്പോഴും പ്രസ്താവനകളിറക്കുന്നതല്ലാതെ അതിനെക്കുറിച്ചന്വേഷിക്കാനോ, കൃത്യമായ നടപടികളെടുക്കുവാനോ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. 

ഒരു ജനത വംശഹത്യ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഭരണകൂടം ആ വംശത്തിന്റെ മ്യൂസിയം നിര്‍മ്മിക്കുന്നത് സ്വന്തം ജനതയോട് ചെയ്യുന്ന കോടീയ പാതകമാണെന്നും ഇവര്‍ ആരോപിച്ചു. മ്യൂസിയം പദ്ധതിയില്‍ നിന്ന് പിന്മാറി, ആദിവാസികളുടെ നേതൃത്വത്തില്‍ ഗവേഷണ കേന്ദ്രമോ മറ്റോ സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കെ.കെ.കൊച്ച്, ബി.ആര്‍പി.ഭാസ്‌കര്‍, കെ.കെ.ബാബുരാജ്, തുടങ്ങി കേരളത്തിലെ പ്രമുഖരായ എഴുപതോളം പേര്‍ ഓപ്പിട്ട പ്രസ്താവന പുറത്തിറക്കി.
 


 

click me!