സമര നായകനില്‍ നിന്ന് സഭാനാഥനായി ശ്രീരാമകൃഷ്ണന്‍

By Web DeskFirst Published Jun 3, 2016, 12:15 AM IST
Highlights

തിരുവനന്തപുരം: യുവജന സമരങ്ങളുടെ നായകനില്‍ നിന്നാണ് 48കാരനായ പി.ശ്രീരാമകൃഷ്ണന്‍ പതിനാലാം നിയമസഭയുടെ നാഥനായി എത്തുന്നത്. വിദ്യാര്‍ഥി യുവജന സംഘടനകളുടെ സമരമുഖത്തെ മുന്നണിപ്പോരാളിയും സെക്രട്ടേറിയറ്റിനുമുന്നിലും നിയമസഭക്കുമുന്നിലും ഒരുപാട് സമരങ്ങള്‍ നയിച്ച നേതാവുമാണ് പി.ശ്രീരാമകൃഷ്ണന്‍. സഭക്കു പുറത്തുമാത്രമല്ല സഭയ്ക്കകത്തും ശ്രീരാമകൃഷ്ണന്റെ പോരോട്ടവീര്യത്തിന് കുറവുണ്ടായിരുന്നില്ല. മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ സമരത്തിലും ശ്രീരാമകൃഷ്ണന്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. അന്ന് തകര്‍ത്ത സ്പീക്കറുടെ കസേരയില്‍ ഇനി എല്ലാം നിയന്ത്രിക്കുന്ന സഭയുടെ നാഥനായി ഇരിക്കുക എന്നതാണ് ശ്രീരാമകൃഷ്ണന്റെ ചുമതല.

ലീഗ് കോട്ടയായ മലപ്പുറത്തെ പൊന്നാനിയെ തുടര്‍ച്ചയായി രണ്ടാം തവണയും ചുവന്ന തുരുത്താക്കിയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശ്രീരാമകൃഷ്ണന്‍ നിയമസഭയിലെത്തിയത്. മണ്ഡസത്തിലെ സജീവ ഇടപെടലുകൾക്കും കാത്തു സൂക്ഷിച്ച മികച്ച പ്രതിച്ഛായക്കും ഭൂരിപക്ഷം ഇരട്ടിയിലധികമാക്കിയാണ് പൊന്നാനിക്കാർ തങ്ങളുടെ പ്രിയ എസ്ആർകെയെ ജയിപ്പിച്ചുവിട്ടത്.

തലമുറ കൈമാറിക്കിട്ടിയതാണ് പി ശ്രീരാമകൃഷ്ണന് വിപ്ലവ ചിന്തകൾ.അച്ചൻ ആദ്യ കാല കമ്യൂണിസ്റ്റ് നേതാവ് പുറയത്ത് ഗോപി. ചെറു പ്രായത്തിലേ നേതൃപാടവം തെളിയിച്ച ശ്രീരാമകൃഷ്നെത്തേടി പന്ത്രണ്ടാം വയസ്സിൽ ദേശാഭിമാനി ബാലസംഘം സെക്രട്ടറി പദമെത്തി. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി, ജില്ലാ പ്രസിഡന്‍റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, സിന്‍ഡിക്കേറ്റ് അംഗം, ഡിവൈഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്, സംസ്ഥാന യുവജന ക്ഷേമബോർഡ് ചെയർമാൻ, ഏഷ്യാ പസഫിക്ക് വേൾഡ് ഫെഡറേഷൻ ഓഫ് ഡമോക്രാറ്റിക് യൂത്ത് കോർഡിനേറ്റർ എന്നിങ്ങനെ ശ്രീരാമകൃഷ്ണനെ തേടിയെത്തിയ പദവികൾ അനവധി.

സൗമ്യഭാവവും വാക്കുകളിലെയും നിലപാടുകളിലെയും മൂർച്ചയുമാണ് ശ്രീരാമകൃഷ്ണനെ എപ്പോഴും വ്യത്യസ്തനാക്കിയത്. 35 വര്‍ഷത്തിനുശേഷം മലബാറില്‍ നിന്നൊരു സ്പീക്കര്‍ എന്ന പ്രത്യേകതയുമായാണ് 48കാരനായ ശ്രീരാമകൃഷ്ണന്‍ സഭാ നാഥനാകുന്നത്.ചാനൽ ചർച്ചകളിലെ പാർട്ടി മുഖവും മേലാറ്റൂർ ആർ എം എച്ച് എസിലെ പഴയ അധ്യാപകനുമായ ശ്രീരാമകൃഷ്ണന് സ്പീക്കർ പദവിയിലും തിളങ്ങാനാവുമെന്നാണ് നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും പ്രതീക്ഷ.

 

click me!