ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തുടർച്ചയായി തീപിടുത്തം; അട്ടിമറി സംശയമുന്നയിച്ച് മേയർ

By Web TeamFirst Published Feb 23, 2019, 8:58 AM IST
Highlights

അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തുടർച്ചയായുണ്ടാകുന്ന തീപ്പിടുത്തതിൽ അട്ടിമറി സംശയിക്കുന്നതായി മേയർ സൗമിനി ജെയിൻ. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും, പൊലീസിനും കോർപ്പറേഷൻ പരാതി നൽകും. അതേസമയം തീപ്പിടുത്തം ഇനിയും ആവർത്തിച്ചാൽ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികൾ.

തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യശേഖരത്തിൽ തീ കത്തിപ്പടർന്നതോടെ പരിസരമാകെ കറുത്ത പുകയും,ദുർഗന്ധവും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ അഞ്ച് മണിക്കൂറിലധികം സമയമെടുത്തു തീ ഒരുവിധം നിയന്ത്രണത്തിലാക്കാൻ. കഴിഞ്ഞമാസവും ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപ്പിടിച്ചിരുന്നു. 

അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. തീപിടിച്ചു വളരെ പെട്ടന്ന് തന്നെ പരിസരമാകെ പടർന്നതിൽ ദുരൂഹതയുണ്ടെന്ന്  അഗ്നിശമന സേനയും പറഞ്ഞു.

click me!