
കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂരില് നടത്താന്‍ തീരുമാനമായി. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്.പി.ജിയുടെ പരിശോധനയ്‌ക്ക് ശേഷമാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‍റു സ്റ്റേഡിയം വേദിയായി നിശ്ചയിച്ചത്. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഉദ്ഘാടന സമയം പ്രധാനമന്ത്രി മെട്രോയില്‍ സഞ്ചരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.
കൊച്ചി മെട്രോ ഉദ്ഘാടകനായ പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പരിശോധനയ്‌ക്ക് ശേഷമാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‍റു സ്റ്റേഡിയം വേദിയായി നിശ്ചയിച്ചത്. ഈ മാസം 17ന് നടക്കുന്ന മെട്രോ ഉദ്ഘാടനം ആലുവയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വേദി കലൂരില്‍ മതിയെന്ന് തീരുമാനമായത്. കെ.എം.ആര്‍.എല്‍ നിര്‍ദ്ദേശിച്ച ആലുവ, കലൂര്‍, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് തീരുമാനം. കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് എന്നിവരുമായും എസ്.പി.ജി സംഘം ചര്‍ച്ച നടത്തി.
ആലുവ മുതല്‍ പാലാരിവട്ടം വരെ ആദ്യഘട്ട മെട്രോ സര്‍വീസ് കടന്നുപോകുന്ന മേഖലയിലല്ല ഉദ്ഘാടവേദി. ആലുവയിലായിരുന്നെങ്കില്‍ മെട്രോ സ്റ്റേഷനില്‍ പ്രധാനമന്ത്രിക്ക് പെട്ടെന്ന് എത്തിച്ചേരാമായിരുന്നു. പുതിയ സാഹചര്യത്തില്‍ ഉദ്ഘാടന ശേഷം പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്യുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. ഇതും ഉദ്ഘാടന സമയവും പ്രധാനമന്ത്രിയുടെ ഓഫീസുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു. ഏതായാലും ഉദ്ഘാടനത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. വേദി തീരുമാനിച്ചതോടെ ചുമതലയേല്‍പ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനി സ്റ്റേജ് പണിയുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങും. വലിയ ആഘോഷ പരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് കെ.എം.ആര്‍.എല്‍ ഒരുക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam