
കൊച്ചി: ഈ വരുന്ന ജൂണ്‍ 19 നു കൊച്ചി മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അന്നേ ദിവസം മെട്രോയില്‍ കയറാന്‍ എത്തുന്നവര്‍ക്ക് ടിക്കറ്റ് എടുക്കാതെയുള്ള ഒരു യാത്രയാണ് കെഎംആര്‍എല്‍ പിറന്നാള്‍ സമ്മാനമായി നല്‍കുന്നത്. 2017 ജൂണ്‍ 19നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി വന്‍ പദ്ധതികളാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങള്‍ നടക്കുന്ന ഒരാഴ്ച്ചക്കാലം മെട്രോ സ്റ്റേഷനുകള്‍ അലങ്കരിക്കും. ഇടപ്പള്ളി സ്റ്റേഷനില്‍ കേക്ക് മുറിച്ചുകൊണ്ട് മെട്രോയുടെ ഒരാഴ്ച്ച നീളുന്ന പിറന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ 'ടൈം ട്രാവലര്‍ മാജിക് മെട്രോ' എന്ന മായാജാല പ്രകടനവും വിവിധ സാംസ്കാരിക പരിപാടികളും ഇടപ്പള്ളി സ്റ്റേഷനില്‍ അരങ്ങേറും.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഒരു ലക്കിഡ്രോയും മെട്രോ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 15 മുതല്‍ 18 വരെ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ലക്കിഡ്രോയില്‍ പങ്കുചേരാന്‍ ആകുക.
കഴിഞ്ഞ 365 ദിവസത്തെ മെട്രോ യാത്രകളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കോഫി ടേബിള്‍ ബുക്ക് വൈസ് പ്രസിഡന്‍റ് വെങ്കയ്യ നായിഡു ഡല്‍ഹിയില്‍ പ്രകാശനം ചെയ്യും. കൂടാതെ മെട്രോയില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി, കുടുംബശ്രീ ജീവനക്കാരെ അനുമോദിക്കുന്ന ചടങ്ങും പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തും. ഹരിതവല്‍ക്കരണ പരിപാടികളുടെ ഭാഗമായി പിറന്നാള്‍ ആഘിഷിക്കുന്ന ഒരാഴ്ചകൊണ്ട് മെട്രോ മുട്ടം യാര്‍ഡില്‍ 520 മരത്തൈകള്‍ വച്ചുപിടിപ്പിക്കാനും കെഎംആര്‍എല്‍ പദ്ധതിയിടുന്നുണ്ട്.
ജൂണ്‍ 19 മുതല്‍ ആലുവ സ്റ്റേഷനിലെ രണ്ടാമത്തെ എന്‍ട്രന്‍സ് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam