കൊടിഞ്ഞി ഫൈസല്‍ വധം: പ്രതികളെ ആര്‍.എസ്.എസ് ഓഫീസിലെത്തിച്ച് തെളിവെടുത്തു

By Web DeskFirst Published Feb 19, 2017, 6:16 PM IST
Highlights

നവംബര്‍ 19 നായിരുന്നു കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ഹിന്ദുമതത്തില്‍ നിന്നും മാറി ഇസ്ലാം മതം സ്വീകരിച്ചതും കുടുംബാംഗങ്ങളെ മതം മാറ്റിയതുമാണ് ആര്‍.എസ്.എസ്സുകാരെ ചൊടിപ്പിച്ചതും തുടര്‍ന്ന് കൊലപാതകത്തിലേക്ക് നയിച്ചതും. സംഭവങ്ങളുടെ മുഖ്യആസൂത്രകനായ ആര്‍.എസ്.എസ് പ്രചാരക് മഠത്തില്‍ നാരായണനെയും ഫൈസലിനെ കുത്തിയ ബിബിനേയുമാണ് തിരൂരിലെ സംഘമന്ദിറിലേക്ക് തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് സംഘം കൊണ്ടുവന്നത്. നാരായണന്‍, സംഘ് മന്ദിറിലെ ലാന്‍ഡ് ഫോണില്‍ നിന്ന് പ്രതികളെയും, അവര്‍ തിരിച്ചും വിളിച്ചതായി കണ്ടെത്തി. ഇയാള്‍ ഇവിടെ താമസിച്ചിരുന്നതായും വ്യക്തമായി. ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് സംഘ് മന്ദിറില്‍ തെളിവെടുപ്പ് നടക്കുന്നത്.

കൃത്യം നിര്‍വഹിച്ച സംഘത്തിലുണ്ടായിരുന്ന ബിബിന്‍ദാസിനെയും നാരായണന്റെ കൂടെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് കൃത്യത്തിനുപയോഗിച്ച കത്തി ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി-കൈനിക്കര റോഡിലെ ഓവുപാലത്തിനടയിലെ പൈപ്പിനുള്ളില്‍ നിന്ന് കണ്ടെത്തി. .തുടര്‍ന്ന് കത്തി ഒളിപ്പിക്കാന്‍ സഹായിച്ച ഇയാളുടെ അയല്‍വാസി തോട്ടശ്ശേരി വിഷ്ണുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്തിയ ശേഷം താനുള്‍പ്പടെയുള്ളവര്‍ സംഘ് മന്ദിറിലെത്തി രക്തക്കറ കഴുകിക്കളഞ്ഞതായും വസ്‌ത്രം തീയിട്ടു നശിപ്പിച്ചതായും ബിബിന്‍ദാസ് മൊഴി നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ മാസം കൃത്യത്തില്‍ പങ്കെടുത്ത രണ്ട് പ്രതികളെ ഇവിടെ കൊണ്ടുവന്ന് ലോക്കല്‍ പൊലീസും തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ 15 പ്രതികളില്‍ 11 പേര്‍ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍റെ വീഴ്ചയാണെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്. 
 

click me!