വ്യവസായവകുപ്പിലെ മുഴുവൻ നിയമനങ്ങളുടെയും പട്ടിക നൽകണമെന്ന് ജയരാജനോട് കോടിയേരി

By Web DeskFirst Published Oct 12, 2016, 11:59 AM IST
Highlights

തിരുവനന്തപുരം: ഇടത് സർക്കാർ വന്നശേഷം വ്യവസായവകുപ്പിൽ നടത്തിയ മുഴുവൻ നിയമനങ്ങളുടെയും പട്ടിക നൽകാൻ മന്ത്രി ഇപി ജയരാജന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശം. നിയമനവിവാദത്തിൽ തെറ്റ് തിരുത്തുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇപി എകെജി സെന്ററിലെത്തി കോടിയേരിയെ കണ്ടത്. പാർട്ടി നടപടിക്ക് മുന്നോടിയായി വ്യവസായ വകുപ്പിലെ നിയമനങ്ങളുടെ മുഴുവൻ പട്ടികയും കോടിയേരി ആവശ്യപ്പെട്ടു.

കോടിയേരിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പുറത്തിറങ്ങിയ ജയരാജനോട് നിയമനവിവാദത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും ഒന്നും പറയാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, ഇപിക്കെതിരെ നടപടി ഉറപ്പെന്ന സൂചനകളുമായി മന്ത്രിമാരായ എകെ ശശീന്ദ്രനും എകെ ബാലനും പരസ്യമായി രംഗത്തെത്തി.

ജയരാജന്റെ നടപടി തെറ്റായിപ്പോയെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞപ്പോൾ ആരും നിയമത്തിന് അതീതരല്ലെന്ന് മന്ത്രി എകെ ബാലൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് പിന്നാലെയാണ് മന്ത്രിസഭയിലെ കൂടുതൽ സഹപ്രവർത്തകർ ഇപിയെ തള്ളുന്നത്. അതിനിടെ നേതാക്കളുടെ ബന്ധുക്കളെ സർക്കാർ അഭിഭാഷകരാക്കിയത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് എം സി ജോസഫൈൻ കോടിയേരിക്ക് കത്ത് നൽകി.

പാർട്ടിയെ കടുത്ത സമ്മർദ്ദത്തിലാക്കിയാണ് കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈൻ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടേയും എറണാകുളം ജില്ലയിലെ നേതാക്കളുടേയും ബന്ധുക്കളെ സർക്കാർ അഭിഭാഷകരാക്കിയതിനെതിരെയാണ് വിഎസ് പക്ഷക്കാരിയായ ജോസഫൈന്റെ നീക്കം.
നിർണ്ണായക സെക്രട്ടറിയേറ്റ് യോഗം മറ്റന്നാൾ ചേരാനിരിക്കെ ബന്ധുനിയമന വിവാദത്തിൽ സിപിഐഎം കടുത്ത പ്രതിസന്ധിയിലായി.

click me!