നിയമന വിവാദം: ഇ.പി. ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു

By Web DeskFirst Published Oct 12, 2016, 11:36 AM IST
Highlights

കണ്ണൂര്‍: ഇ പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് കേരള ക്ലേസ് ആന്‍റ് സെറാമിക്‌സ് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു. വ്യവസായ വകുപ്പിന് കീഴിലുളള സ്ഥാപനത്തില്‍ മന്ത്രിയുടെ ബന്ധുവായ ദീപ്തിയുടെ നിയമനം വിവാദമായിരുന്നു. സിപിഐഎമ്മിന്റെ പ്രാദേശിക ഘടകങ്ങളിലടക്കം എതിര്‍പ്പ് ശക്തമായ പശ്ചാത്തലത്തിലാണ് രാജി.

പാപ്പിനിശ്ശേരി കേരള ക്ലേസ് ആന്റ് സെറാമിക്‌സ് എംഡിക്കാണ് ഇന്ന് രാവിലെ  ദീപ്തി നിഷാദ് രാജിക്കത്തയച്ചത്. കഴിഞ്ഞ മാസമാണ് വ്യവസായ മന്ത്രി ഇപി ജയരാജന്‍റെ സഹോദരന്‍റെ മകന്‍റെ ഭാര്യയായ ദീപ്തി  ഇവിടെ നിയമനം നേടിയത്.ജനറല്‍ മാനേജരായിരുന്ന ആനക്കൈ ബാലകൃഷ്ണന്‍ പിന്നാക്ക വിഭാഗ കോര്‍പ്പറേഷനിലേക്ക് മാറിയപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ ദീപ്തിയെ നിയമിക്കുകയായിരുന്നു.

പി കെ ശ്രീമതി എം പിയുടെ മകനും ജയരാജന്‍റെ ബന്ധുവുമായ പി കെ സുധീറിനെ കെഎസ്ഐഇയില്‍ നിയമിച്ചത് വിവാദമായതിന് പുറകേ ആയിരുന്നു ദീപ്തിയുടെ നിയമനവും ചര്‍ച്ചയായത്.ബന്ധുനിയമനവും മതിയായ യോഗ്യതയില്ലെന്ന ആരോപണവും കൂടി ആയതോടെ സിപിഐഎമ്മിന്‍റെ പ്രാദേശിക ഘടകങ്ങളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.മൊറാഴ ലോക്കല്‍ കമ്മറ്റി ജില്ലാ കമ്മിറ്റിക്ക് പരാതിയും നല്‍കി.വിവാദങ്ങളുണ്ടാക്കി ജോലിയില്‍ തുടരാന്‍ താത്പര്യമില്ലാത്തുകൊണ്ടാണ് രാജിയെന്ന് ദീപ്തിയുടെ ഭര്‍ത്താവ് നിഷാദ് പ്രതികരിച്ചു.

പാര്‍ട്ടി നിലപാട് വരുന്നതുവരെ ജോലിയില്‍ തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് ദീപ്തിയുടെ കുടുംബത്തിന്റെ പ്രതികരണം.എന്നാല്‍ താഴെത്തട്ടിലടക്കം എതിര്‍പ്പുയര്‍ന്നതിനാല്‍ നിയമനത്തെ ന്യായീകരിക്കാന്‍ സിപിഐഎം നേതാക്കള്‍ തയ്യാറായിരുന്നില്ല.ഇതും രാജിക്ക് കാരണമായെന്നാണ് സൂചന.

click me!