അമൃതാനന്ദമയിക്കെതിരെ വീണ്ടും കോടിയേരി

By Web TeamFirst Published Jan 22, 2019, 8:21 PM IST
Highlights

അയ്യപ്പ സംഗമത്തിൽ മാതാ അമൃതാനന്ദമയി പങ്കെടുത്തത് തെറ്റായ സന്ദേശം നൽകിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. മഠം രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും കോടിയേരി.

തിരുവനന്തപുരം: അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത മാതാ അമൃതാനന്ദമയിക്കെതിരെ വിമര്‍ശനമാവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍ എസ് എസ് സംഘടിപ്പിച്ച പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുത്തത് തെറ്റായ സന്ദേശം നല്‍കിയെന്ന് കോടിയേരി പറഞ്ഞു. മഠം രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. 

കേരളത്തിൽ കോൺഗ്രസും ബി ജെ പിയും ഒത്തുകളിക്കുന്നുവെന്നും കോടിയേരി വിമര്‍ശിച്ചു. ബി ജെ പിക്ക് ബദൽ കോൺഗ്രസല്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മതേതര മുന്നണി അധികാരത്തിൽ വരുമെന്നും കോടിയേരി പറഞ്ഞു. അയ്യപ്പ സംഗമത്തിൽ സ്വാമി ചിദാനന്ദപുരി നടത്തിയത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

കര്‍മ്മ സമിതിയുടെ ശബരിമല പ്രക്ഷോഭത്തെ അമൃതാനന്ദമയി പിന്തുണയ്ക്കുന്നത് യുക്തിരഹിതമാണെന്ന് കോടിയേരി നേരത്തെ വിമര്‍ശിച്ചിരുന്നു. ആത്മീയ ആൾ ദൈവങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഉത്തരേന്ത്യയിൽ പതിവായിക്കഴിഞ്ഞു. കേരളത്തിൽ അത്തരമൊരു സാഹചര്യം ഉണ്ടാക്കാൻ ഇടത് മുന്നണി അവസരമൊരുക്കില്ലെന്നും കോടിയേരി നേരത്തെ പറഞ്ഞിരുന്നു. 

click me!