ആലപ്പാട് ഖനനം; സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടൽ നടത്തുമെന്ന് കോടിയേരി

By Web TeamFirst Published Jan 14, 2019, 5:46 PM IST
Highlights

ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കും.  ആലപ്പാട് താമസിക്കുന്ന ആളുകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പരിശോധിക്കും. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

കോഴിക്കോട്: ആലപ്പാട് കരിമണല്‍ ഖനന വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കോടിയേരി കോഴിക്കോട് പറ‌ഞ്ഞു. കുറേ കാലമായി ഖനനം നടക്കുന്നു. പ്രദേശത്തെ ആളുകൾ മാത്രമല്ല ഇപ്പോൾ സമരം നടത്തുന്നത്. ഇതില്‍  ചില ദുരുദ്ദേശങ്ങളുമുണ്ട്. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായ വൽക്കരണമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കോടിയേരി പറഞ്ഞു. 

ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കും.  അവിടെ താമസിക്കുന്ന ആളുകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പരിശോധിക്കും. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം കരിമണൽ കടത്തുന്നത് വ്യാപകമാണെന്നും അതിന്റെ ഉപയോഗം കേരളത്തിന്റെ വ്യവസായ മേഖലക്ക് കിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസിനും ആര്‍എസ്എസിനും എതിരെയും കോടിയേരി രംഗത്തെത്തി. ആര്‍എസ്എസിനോട് വിയോജിക്കാൻ കോൺഗ്രസിനു കഴിയുന്നില്ല. കേരളത്തിലെ കോൺഗ്രസിന് മുത്തലാക്കിനെ എതിർക്കാനാവുന്നില്ല. ആര്‍എസ്എസ് പാർലമെന്‍ററി ജനാധിപത്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിന് മാത്രമായി ബിജെപിയെ ചെറുക്കാനാവില്ല. കോൺഗ്രസും ബിജെപിയും ഏറ്റുമുട്ടുന്ന ഇടങ്ങളിൽ മാത്രമാണ് ജനം കോൺഗ്രസിനെ സ്വീകരിക്കുന്നത്. ജനുവരി 22 ന് സുപ്രീംകോടതി ശബരിമല വിധി റദ്ദാക്കിയാലും സ്ത്രീകൾ ശബരിമലയിൽ കയറണം എന്ന് തന്നെയാണ് സിപിഎം നിലപാട്. കേരളത്തിലെ കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വം ആത്മഹത്യാ പരമായ നിലപാടാണെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.

കേരളത്തിൽ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മുഖ്യമത്സരം നടക്കുക. എന്നാൽ കോൺഗ്രസുകാർ ജയിച്ചാലും പാർലമെന്‍റിലെത്തിയാൽ ബിജെപിയെ അനുകൂലിക്കുമോ എന്നാണ് സംശയമെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസിന്‍റെ പ്രചാരണത്തിന് ശക്തി കൂട്ടുകയാണ്, വനിത മതിൽ വർഗ്ഗീയ മതിൽ ആണെന്ന് പറഞ്ഞതിലൂടെ മുസ്ലീം ലീഗ് ചെയ്യുന്നത്. ശബരിമലയിൽ ഓർഡിനൻസ് കൊണ്ടുവന്നാൽ അയോധ്യയിൽ ഓർഡിനൻസ് കൊണ്ടുവരാൻ മുസ്ലീം ലീഗ് അനുകൂലിക്കുമോ എന്നും കോടിയോരി ചോദിച്ചു. 

അതേസമയം ആലപ്പാട്ടെ ഖനനം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കിയത്. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് ഇതുവരേയും സർക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി തരുന്ന സമ്പത്താണ് കരിമണല്‍. അതിനെ പൂർണ്ണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംരംഭമാക്കി മാറ്റാം. ആലപ്പാട് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്നുമായിരുന്നു ജയരാജന്‍ മലപ്പുറത്ത് പറഞ്ഞത്. 

 

click me!