കേരളത്തിന് കീഴടങ്ങാന്‍ സാധ്യമല്ല; കലാപ നീക്കത്തെ ജനങ്ങള്‍ തന്നെ ചെറുത്ത് തോല്‍പ്പിക്കണം: കോടിയേരി

By Web TeamFirst Published Nov 18, 2018, 12:56 PM IST
Highlights

''സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ആവശ്യമായ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പാണ് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം ബിജെപി തന്നെ ലംഘിക്കുന്ന വിരോധാഭാസമാണ് നടക്കുന്നത്''

തിരുവനന്തപുരം: ശബരിലയില്‍ നടക്കുന്നത് അക്രമം നടത്താനുള്ള ആസൂത്രിത നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന് കീഴടങ്ങാന്‍ സാധ്യമല്ല.  അക്രമങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമാകുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. 

നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ആവശ്യമായ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പാണ് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം ബിജെപി തന്നെ ലംഘിക്കുന്ന വിരോധാഭാസമാണ് നടക്കുന്നത്. ഇത് ബിജെപിയുടെ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ്. അക്രമകാരികളെ രംഗത്തിറക്കി നടത്തുന്ന കലാപ നീക്കമാണ് ഇത്. ഇതിനെ ജനങ്ങള്‍ തന്നെ ചെറുത്ത തോല്‍പ്പിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു

വിമോചന സമരത്തിന്‍റെ അന്തരീക്ഷം കേരളത്തിലുണ്ടാക്കാനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്. വിമോചന സമരത്തിന്‍റെ പുതിയ പതിപ്പാണ് സംഘപരിവാര്‍ നത്തുന്ന അക്രമ സംഭവങ്ങള്‍. ഇതിന്‍റെ ഭാഗമായാണ് മന്ത്രിമാരെ ആക്രമിക്കുന്നത്. പൊലീസ് നടപടികൊണ്ട് മാത്രം ഇതിനെ നേരിടാനാകില്ല. ജനങ്ങള്‍ തന്നെ ഇതിനെതിരെ രംഗത്തെത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

എന്‍എസ്എസ് ആര്‍എസ്എസിന് ഒപ്പം ചേരുന്ന സംഘടനയല്ല. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് അവര്‍ക്ക് അവരുടേതായ നിലപാടുകളുണ്ട്. അവര്‍ അക്രമ മാര്‍ഗങ്ങളിലേക്ക് പോയിട്ടില്ല. എന്‍എസ്എസ് വിഷയത്തില്‍ സതുദ്ദേശ പരമായ പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അത് പരമാവധി പരിഗണിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിച്ചിട്ടുണ്ട്. അതിനാലാണ് സാവകാശ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചതെന്നും കോടിയേരി പറ‍ഞ്ഞു. 

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് പിടിവാശിയില്ല. സുപ്രീംകോടതി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് സാധിക്കുമോ എന്നും. ബിജെപി നേതാക്കള്‍ അറസ്റ്റ് വരിക്കുന്നതിന് പകരം പകരം ദില്ലിയില്‍ പോയി നരേന്ദ്രമോദിയെ കണ്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യപ്പെട്ടാല്‍ പോരെ എന്നും കോടിയേരി ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കലാണ് ഇത്. അഞ്ച് ശതമാനം പേര്‍ മാത്രമാണ് അവര്‍ക്കൊപ്പമുള്ളത്. ബാക്കി 95 ശതമാനം പേര്‍ ഉണരണം. ഇതിനെതിരെ രംഗത്തെത്തണമെന്നും അദ്ദേഹം പറഞ്ഞു. 
 

click me!