
തൃശൂര്‍: കൊടുങ്ങല്ലൂരിലെ കടൽക്ഷോഭ മേഖലകൾ സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും നാട്ടുകാർ തടഞ്ഞു. കടൽക്ഷോഭത്തിൽ നൂറിലേറെ വീടുകളിലാണ് വെള്ളം കയറിയത്. തൃശൂർ കൊടുങ്ങല്ലൂരിനടുത്ത് എറിയാട് മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായത്. രാവിലെ എട്ട് മുതൽ രണ്ട് മണിക്കൂർ നേരം ശക്തമായ തിരമാലകൾ തീരത്തേക്ക് അടിച്ചു കയറി.
കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിൽ രണ്ട് കിലോ മീറ്ററിലേറെ ദൂരം വെള്ളം കയറി. നൂറിലേറെ വീടുകളിൽ വെള്ളം കയറിയതോടെ പലരും ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്. ദുരിതാശ്വാസപ്രവർത്തനം വൈകിയെന്നാരോപിച്ചാണ് സ്ഥലം സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ ഉപരോധിച്ചത്. ഓഖി ദുരന്തത്തെത്തുടർന്ന് കടൽഭിത്തി നിർമ്മിക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും 400 മീറ്ററോളം ദൂരത്ത് നിർമാണം മുടങ്ങിയ അവസ്ഥയിലാണ്.
നിർമ്മാണം ഉടൻ തുടങ്ങുമെന്നും ഇരു പഞ്ചായത്തിലുമായി 400 കുടുംബങ്ങളെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കടൽഭിത്തി നിർമ്മാണം ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ ദേശീയ പാത ഉപരോധിച്ച് സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam