വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ വെട്ടിമുറിച്ച് ബാഗിലാക്കി ഉപേക്ഷിച്ചു; ഡോക്ടർ അറസ്റ്റില്‍

By Web DeskFirst Published Nov 5, 2017, 10:40 PM IST
Highlights

ജംഷഡ്പുര്‍: വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ബാഗിലാക്കി റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച ഡോക്ടർ അറസ്റ്റിൽ. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷൻ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊൽക്കത്ത സ്വദേശിയായ ഡോക്ടർ മിർസ റഫീഖ് ഹഖിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ജാർഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. വെളളിയാഴ്ച ഹോട്ടൽ ജിഞ്ചറിലെ മുറിയിൽ വച്ച് പെണ്‍കുട്ടിയെ  കൊലപ്പെടുത്തിയശേഷം മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുർ ടാറ്റാനഗർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്കൂട്ടറിലാണ് റയിൽവേ സ്റ്റേഷന്‍റെ പാർക്കിങ്ങിൽ ഉപേക്ഷിച്ചത്. സ്റ്റേഷൻ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്നു ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജ‍ഡമാണെന്നു തിരിച്ചറിഞ്ഞത്.

പ്രതി കുറ്റം സമ്മതിച്ചതായി ഈസ്റ്റ്  സിങ്ക്ബുവം എസ്പി പ്രശാന്ത് ആനന്ദ് അറിയിച്ചു. ജോലിക്കുപോയ ചയനികയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോൺ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിർസ പിടിയിലായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് തെളിവായി ഉപയോഗിച്ചു. ഡോ. മിർസയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചയനികയും ഡോക്ടറും കഴിഞ്ഞ മൂന്ന് വര്‍ഷമായി പരിചയത്തിലായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാപ്റോസ്കോപിക് സര്‍ജറിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. അതേസമയം ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും മറ്റൊരു ചെറുപ്പകാരന്‍റെ പേരില്‍ ഇവര്‍ തര്‍ക്കത്തിലായെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പറയുന്നു.

 

click me!