Latest Videos

എടിഎം പണം തട്ടിപ്പ്: തൊഴില്‍ രഹിതരായ ബിടെക് ബിരുദധാരികളുടെ സംഘം പിടിയില്‍

By Web TeamFirst Published Aug 9, 2018, 5:21 PM IST
Highlights

 സ്‌കിമ്മര്‍ മെഷീനുകള്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡുകളിലെ മാഗ്‌നറ്റിക് സ്ട്രിപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തുകയും ചോര്‍ത്തിയ കാര്‍ഡുകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്യുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്

കൊല്‍ക്കത്ത: എടിഎം യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ ബിടെക്ക് ബിരുദധാരികളുടെ സംഘം പോലീസ് വലയിലായി.  സ്‌കിമ്മര്‍ മെഷീനുകള്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡുകളിലെ മാഗ്‌നറ്റിക് സ്ട്രിപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തുകയും ചോര്‍ത്തിയ കാര്‍ഡുകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്യുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്. റൊമാനിയന്‍ വിദേശ ക്രിമിനലുകള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ച് വന്നത് എന്നാണ് റിപ്പോര്‍ട്ട്.

മുംബൈ സ്വദേശികളാണ് ഇവരെന്നാണ് കൊല്‍ക്കത്ത പോലീസ് പറയുന്നത്. രോഹിത്ത് നായര്‍ എന്ന സംഘത്തിലെ പ്രധാനി ചൊവ്വാഴ്ച രാത്രി ദക്ഷിണ കൊല്‍ക്കത്തയിലെ എലിഗണ്‍ റോട്ടില്‍ നിന്നാണ് പിടിയിലായത്. ഇയാളുടെ പങ്കാളികളെന്ന് പോലീസ് പറയുന്ന സയ്യീദ് സയീദ്, സുധീര്‍ രാജന്‍ എന്നിവരെ പിന്നീട് കൊല്‍ക്കത്ത വിമാനതാവളത്തില്‍ നിന്നും, സിടിഐ റോഡില്‍ നിന്നും അറസ്റ്റ് ചെയ്തെന്ന് മുംബൈ മിറര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ഈ സംഘത്തെ അറസ്റ്റ് ചെയ്ത കൊല്‍ക്കത്ത പോലീസ് പറയുന്നത് ഇങ്ങനെ, കൊല്‍ക്കത്തയില്‍ അടുത്തിടെ വ്യാപകമായി എടിഎം തട്ടിപ്പ് അരങ്ങേറിയിരുന്നു.നൂറുകണക്കിന് ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെട്ട് തുടങ്ങിയതോടെ പലരും ബാങ്കിനെ സമീപിച്ചു. എന്നാല്‍ ബാങ്ക് അധികൃതര്‍ നിസഹായരായിരുന്നു. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 31ന് മാത്രം 78 പരാതികള്‍ പോലീസിന് ലഭിച്ചു. ഇതേതുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പുകാര്‍ കുടുങ്ങിയത്.

എ.ടി.എം മെഷീനുകളില്‍ സ്‌കിമ്മര്‍ മെഷീനുകള്‍ സ്ഥാപിച്ച് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് ഈ തട്ടിപ്പ് നടന്നതെന്ന് വ്യക്തമായി. പുലര്‍ച്ചെ ആരും ഇല്ലാത്ത സമയത്താണ് സെക്യുരിറ്റി ഇല്ലാത്ത എടിഎമ്മുകളില്‍ ഇവര്‍ റൊമാനിയന്‍ സംഘത്തിന് വേണ്ടി സ്‌കിമ്മര്‍ മെഷീനുകള്‍ ഘടിപ്പിച്ചത്. ഓഗസ്റ്റ് മൂന്നിന് സംഭവത്തില്‍ റൊമാനിയന്‍ സംഘം പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ബി.ടെക് ബിരുദധാരികളുടെ സഹായം ലഭിച്ചത്. 
ബി.ടെക് ബിരുദധാരികളാണെങ്കിലും ഇവര്‍ തൊഴില്‍രഹിതരാണ്. ഇതാണ് ഇവരെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന. തട്ടിപ്പിനെക്കുറിച്ച് റൊമാനിയക്കാരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ വിവിധയിടങ്ങളിലെ എ.ടി.എം കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തൊഴില്‍രഹിതരായ ബി.ടെക്കുകാര്‍ കുടുങ്ങിയത്. 

click me!