കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസില്‍ കുറ്റപത്രം; നാല് പ്രതികള്‍ക്കെതിരെ യുഎപിഎ

By Web DeskFirst Published Sep 8, 2017, 1:51 PM IST
Highlights

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരായ നാല് പേരാണ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 
കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസൂണ്‍ കരിം രാജ, ഷംസുദീന്‍ എന്നിവരാണ് കേസില്‍ പ്രതികള്‍.  

മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി. ചോദ്യം ചെയ്യലിലും മറ്റ് അന്വേഷണങ്ങളിലും മുഹമ്മദ് അയൂബ് മാത്രമാണ് പൊലീസുമായി സഹകരിച്ചത്. സ്‌ഫോടനത്തില്‍ മറ്റ് നാല് പേര്‍ക്കുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന മൊഴിയാണ് മുഹമ്മദ് അയൂബ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നാണ് കൊല്ലം കളക്ടറേറ്റില്‍ സ്‌ഫോടനമുണ്ടായത്. 

മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്‌ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ കഴിഞ്ഞ വര്‍ഷം സ്‌ഫോടനമുണ്ടായിരുന്നു. ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.
 

click me!