ബൈക്ക് അപകടത്തിൽ ശരീരം തളർന്നെങ്കിലും, ഡോ. ആതിര സുഗതൻ നിശ്ചയദാർഢ്യം കൊണ്ട് വിധിയെ തോൽപ്പിച്ചു. മരണത്തെ മുഖാമുഖം കണ്ടിട്ടും തളരാതെ പോരാടി സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്കരിച്ച ആതിരയുടെ ജീവിതം ഏവർക്കും ഒരു പ്രചോദനമാണ്.

കോഴിക്കോട്: വിധിയുടെ ക്രൂരതയെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച ഡോ. ആതിര സുഗതന്റെ ജീവിതം ഇനി സിവിൽ സർവീസ് മോഹിക്കുന്നവർക്ക് മാത്രമല്ല, ജീവിതത്തിൽ തളർന്നുപോകുന്ന എല്ലാവർക്കും ഒരു വലിയ പാഠപുസ്തകമാണ്. ഒരു ബൈക്ക് അപകടത്തിൽ തകർന്നുപോയ തന്റെ ശരീരത്തെയും സ്വപ്നങ്ങളെയും സിവിൽ സർവീസിന്റെ തിളക്കത്തിലേക്ക് ആതിര പറിച്ചുനട്ടു.

Add Asianetnews as a Preferred SourcegooglePreferred

മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട് ആതിര. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ ഹമ്പിൽ നിന്നും സ്കിഡ്ഡായി വീണായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചുവെന്ന് ഡോക്ടർമാർ പോലും വിധി എഴുതി. പിന്നീട് വിരലനക്കം കണ്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. "അപകടം പറ്റിയപ്പോൾ എന്നെ ഇരുത്തിയാണ് കൊണ്ടുപോയത്. ഒരു ആംബുലൻസിൽ കിടത്തി കൊണ്ടുപോയിരുന്നെങ്കിൽ എനിക്ക് സ്പൈനൽ ഇഞ്ച്വറി സംഭവിക്കില്ലായിരുന്നു" എന്ന് ആതിര വേദനയോടെ ഓർക്കുന്നു.

21 ദിവസം വെന്റിലേറ്ററിലും 60 ദിവസം ബെംഗളൂരുവിലെ ആശുപത്രിയിലും ചികിത്സ തേടി. പിന്നീട് കോഴിക്കോട്ടെത്തിയപ്പോഴും ആരോഗ്യം മോശമായെങ്കിലും തളരാതെ പോരാടി. അപകടത്തിന് മുമ്പ് തനിക്ക് അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും ഇപ്പോൾ സാധിക്കുമെന്ന് ആതിര തെളിയിച്ചു. ഇൻഷുറൻസ് തുക പോലും ലഭിക്കാതെ സാമ്പത്തികമായും ശാരീരികമായും തകർന്ന നിമിഷത്തിലാണ് ഐഎഎസ് എന്ന സ്വപ്നം ആതിരയുടെ ഉള്ളിൽ മുളപൊട്ടിയത്.

"മറ്റാരെയുമല്ല, എന്റെ ഇന്നത്തേക്കാൾ മികച്ച ഒരു നാളെ എനിക്ക് നൽകുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് എന്റെ റോൾ മോഡൽ ഞാൻ തന്നെയാണ്" എന്ന് ആതിര ആത്മവിശ്വാസത്തോടെ പറയുന്നു. തനിക്ക് സംഭവിച്ചതുപോലെയുള്ള പിഴവുകൾ മറ്റാർക്കും സംഭവിക്കരുതെന്നും സിസ്റ്റത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും ആതിര ആഗ്രഹിക്കുന്നു.