Latest Videos

പരവൂര്‍ ദുരന്തം; പൊലീസിനെതിരെ ആഞ്ഞടിച്ച് ജില്ലാ കളക്ടര്‍

By Web DeskFirst Published Apr 11, 2016, 6:51 AM IST
Highlights

കൊല്ലം പരവൂരില്‍ 108 പേര്‍ മരിക്കാനിടയായ വെടിക്കെട്ട് അപകടത്തില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനമോള്‍. വെടിക്കെട്ടിന് അനുമതി നല്‍കരുതെന്ന് ആദ്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ച പൊലീസ് പിന്നീട് കമ്പം നടത്താന്‍ അനുവദിക്കണമെന്ന് കാണിച്ച് ജില്ലാ ഭരണകൂടത്തെ അങ്ങോട്ട് സമീപിക്കുകയായിരുന്നെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിന് ജില്ലാ കളക്ടര്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പൊലീസ് ശുപാര്‍ശ ചെയ്തെങ്കിലും കമ്പം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല.

കമ്പത്തിന് അനുമതി ചോദിച്ച് ക്ഷേത്രം ഭാരവാഹികള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കിയ അപേക്ഷ അഡീഷണല്‍ ജില്ലാ മജിസ്‍ട്രേറ്റ് നിരസിച്ചിരുന്നതാണ്. വെറും വെടിക്കെട്ടിനാണ് അനുമതി ചോദിച്ചത്. പൊലീസിന്റെ അന്വേഷണത്തില്‍ മത്സരക്കമ്പമാണ് നടക്കാന്‍ പോകുന്നതെന്ന് മനസിലായി. അതുകൊണ്ടുതന്നെ ഇത് അനുവദിക്കാനാവില്ലെന്ന് എഡിഎം ഉത്തരവിറക്കി. ഇത് ലംഘിച്ചാല്‍ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്നും എഡിഎം ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവിന്റെ പകര്‍പ്പ് പൊലീസിനും നല്‍കിയിരുന്നു. ഇത് വകവെയ്‌ക്കാതെയാണ് പൊലീസ് സരംക്ഷണത്തോടെ വെടിക്കെട്ട് നടത്തിയത്.

ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചാല്‍ പിന്നീട് നിയമവിരുദ്ധമായി കമ്പം നടത്തുന്നത് തടയേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഇതിന് പകരം റിപ്പോര്‍ട്ട് ആവശ്യപ്പെടാതെ തന്നെ കമ്പം അനുവദിക്കണമെന്ന് കാണിച്ച് പൊലീസ് സര്‍ക്ക്ള്‍ ഇന്‍സ്‌പെക്ടറും, ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണറും കൊല്ലം കമ്മീഷണറും ജില്ലാ ഭരണകൂടത്തെ സമീപിക്കുകയായിരുന്നെന്ന് കളക്ടര്‍ പറഞ്ഞു. ഇതല്ലാതെ രാഷ്‌ട്രീയ സമ്മര്‍ദ്ദമൊന്നും തനിക്ക് മേല്‍ ഉണ്ടായിരുന്നില്ലെന്നും കളക്ടര്‍ എ ഷൈനമോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ കളക്ടറുടെ വാക്കുകളോട് പ്രതികരിക്കാന്‍ പൊലീസ് കമ്മീഷണര്‍ തയ്യാറായില്ല.

click me!