
കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം പാളിയതായി ആക്ഷേപം. നിരവധിപ്പേര്‍ക്ക് ഇനിയും സഹായം കിട്ടിയിട്ടില്ല. ചികിത്സ തേടിയ ശേഷം വീടുകളിലേക്ക് മടങ്ങിയവര്‍ക്കും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും യാതൊരു സഹായവും ഇതുവരെയും ലഭിച്ചിട്ടില്ല.
സര്‍ക്കാര്‍ കണക്കുകളില്‍ മാത്രം 1149 പേരാണ് പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സ തേടി തിരികെ പോയത്. 350 പേരെയാണ് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തത്. പരുക്കേറ്റവര്‍ക്ക് അയ്യായിരം രൂപ വീതം സഹായ ധനം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ചെറിയ പൊള്ളലുകളോടെയും മറ്റ് പരുക്കുകളോടെയും ആശുപത്രികളില്‍ ചികിത്സ തേടിയവരില്‍ മിക്കവരും ഇപ്പോള്‍ വീടുകളിലാണ്.എന്നാല്‍ ഇവര്‍ക്കുള്ള ചികിത്സാ സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ആക്ഷേപം.
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കു പോലും ചികിത്സാ സഹായധനം ലഭിച്ചിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്.
ഇതേ അവസ്ഥ തന്നെയാണ് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയവര്‍ക്കും. വീടുകള്‍ തകര്‍ന്നവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേടുപാടുകള്‍ പറ്റിയ വീടുകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam