ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയില്‍ കൊട്ടാക്കമ്പൂര്‍ വില്ലേജ് ഓഫീസ്

By Web DeskFirst Published Jun 8, 2018, 9:33 PM IST
Highlights
  • അപകടാവസ്ഥയിലുള്ളത് നിര്‍ണായക രേഖകള്‍ സൂക്ഷിക്കേണ്ട കൊട്ടാക്കമ്പൂര്‍ വില്ലേജ് ഓഫീസ്

ഇടുക്കി: ജില്ലയിലെ ഭൂമി സംബന്ധമായ കേസുകളില്‍ നിര്‍ണായകമായ രേഖകള്‍ സൂക്ഷിക്കുന്ന  കൊട്ടാക്കമ്പൂര്‍ വില്ലേജ് ഓഫീസ് ഏതു സമയത്തും നിലം പൊത്താറായ അവസ്ഥയില്‍. കുറിഞ്ഞി ഉദ്യാനത്തിന്‍റെതടക്കമുള്ള രേഖകളുള്ള കൊട്ടാക്കമ്പൂര്‍ വില്ലേജ് ഓഫീസിന്‍റെതാണ് ഈ ദുരവസ്ഥ. ചോര്‍ന്നൊലിക്കുന്ന കെട്ടിടം മാസങ്ങള്‍ക്കു മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും അപകടാവസ്ഥയില്‍ തന്നെയാണ് കെട്ടിടം. ഭിത്തികളിലും മറ്റും വിള്ളല്‍ ഉള്ളതു കാരണം ഉദ്യോസ്ഥരും ഭീതിയിലാണ്.  

നേരത്തേ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ നിന്നുവെള്ളമിറങ്ങി  ഓഫീസിനുള്ളിലേയ്ക്ക് ചോര്‍ച്ചയുണ്ടായതോടെ കോണ്‍ക്രീറ്റിനു മുകളില്‍ ഷീറ്റ് കൊണ്ട് മറ്റൊരു മേല്‍ക്കൂര സ്ഥാപിച്ചിരുന്നു. ഇത് സ്ഥാപിച്ചിട്ടും കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായില്ല. വെള്ളമിറങ്ങി കെട്ടിടത്തിനുള്ളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും കാരണം ഓഫീസ് ഉപകരണങ്ങളും നാശത്തിന്റെ വക്കിലാണ്. കാലവര്‍ഷ മഴ ശക്തമായാല്‍ വെള്ളമിറങ്ങി സുപ്രധാനമായ ഫയലുകള്‍ നശിക്കാനിടയുണ്ട്. രേഖകള്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങളിലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 

ഭൂമി സംബന്ധമായ വ്യവഹാരങ്ങളില്‍ ഏറെയും പരാതികളിലും വിവാദങ്ങളിലും തട്ടിനില്‍ക്കുന്നതിനാല്‍ അതിന്റെ ആവശ്യത്തിലേയ്ക്കായി മിക്ക രേഖകളും ഇടുക്കി കളക്ടറേറ്റിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഓഫീസ് സുരക്ഷിതമാക്കാതെ ഈ രേഖകള്‍ ഇവിടെയെത്തിക്കുവാന്‍ സാധിക്കാത്ത നിലയാണുള്ളത്. വാതിലുകളും ജനാലകളും തകര്‍ന്നു കിടക്കുന്നതിനാല്‍ രേഖകള്‍ ഇവിടെ ഭദ്രമായി സൂക്ഷിക്കുക എന്നതും വെല്ലുവിളിയാണ്. വട്ടവട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും അധികം ദൂരെയല്ലാതായി സ്ഥിതി ചെയ്യുന്ന ഓഫീസിന്റെ നില മെച്ചപ്പെടുത്താന്‍ അധികാരികളും ജനപ്രതിനിധികളും തയ്യാറായിട്ടില്ല. മേല്‍ക്കൂരയില്‍ നിന്നും കല്ലുകള്‍ അടര്‍ന്നു വീഴാവുന്ന അവസ്ഥയിലായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രശ്‌നം പരിഹരിക്കുക സാധ്യമല്ല. 

click me!