മലയാളികളെ പറ്റിച്ച് ഒന്നരക്കോടിയുടെ റീച്ചാര്‍ജ് കൂപ്പണുമായി കോഴിക്കോദ് സ്വദേശി മുങ്ങി

By Web DeskFirst Published Jun 20, 2016, 7:09 PM IST
Highlights

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി സെയില്‍സ്മാന്മാരില്‍ നിന്നും ഒന്നരക്കോടിയോളം രൂപയുടെ എത്തിസലാത്ത് റീചാര്‍ജ് കൂപ്പണുകള്‍ കൈക്കലാക്കി കോഴിക്കോട് സ്വദേശി മുങ്ങിയതായി പരാതി. യുവാക്കള്‍ക്കെതിരെ കമ്പനി പരാതി നല്‍കിയതോടെ ഏതു നിമിഷവും അറസ്റ്റിലാകുന്ന അവസ്ഥയിലാണിവര്‍.

വര്‍ഷങ്ങളായി ടെക് ഓര്‍ബിറ്റ് എന്ന കമ്പനിയിലെ സെയില്‍സ് മാന്‍മാരാണ് മലപ്പുറം സ്വദേശിയായ നസീറും കണ്ണൂരുകാരന്‍ അനസും. യുഎഇടെലകോം കമ്പനിയായ എത്തിസലാത്തിന്റെ റീചാര്‍ജ് കാര്‍ഡുകള്‍ വിതരണം ചെയ്തുവരികയായിരുന്നു ഇവര്‍. സ്ഥിരം ഉപഭോക്താവായ കോഴിക്കോട് സ്വദേശി ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ പതിവുപോലെ കാര്‍ഡ് വിതരണം ചെയ്തു. എന്നാല്‍ കാശ് തരാമെന്നേറ്റദിവസം കടയിലേക്കെത്തിയപ്പോള്‍  അദ്ദേഹം നാട്ടിലേക്ക് മുങ്ങിയതാണ് ഇവരുടെ ജീവിതം ദുരിതത്തിലാക്കിയത്.

രണ്ടുപേര്‍ക്കുമായി കിട്ടാനുള്ളത് ഒരുകോടി മുപ്പത്തിയേഴുലക്ഷം രൂപ. എന്നാല്‍ കമ്പനി അറിയാതെയാണ് ഇത്രയും തുകയുടെ ടെലഫോണ്‍ കാര്‍ഡുകള്‍ നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി ടെക് ഓര്‍ബിറ്റ് ദുബായി പോലീസില്‍ പരാതി നല്‍കിയതോടെ യുവാക്കള്‍ പെരുവഴിയിലായി. ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. മൂന്ന് മാസമായി ജോലിയില്ലാത്ത ഇവര്‍ കൂട്ടുകാരുടെ ആശ്രയത്താലാണ് കഴിയുന്നത്.

കാശുമായി മുങ്ങിയ ഷാനവാസിനെ നാട്ടിലുള്ള ബന്ധുക്കള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തിരുവമ്പാടി എംഎല്‍എയായിരുന്ന സി മൊയ്തീന്‍ കുട്ടി ഇയാള്‍ക്ക് സംരക്ഷണം നല്‍കുന്നതായും ഇവര്‍ ആരോപിച്ചു.ആറുകോടി രൂപ ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ ഏതു നിമിഷവും അറസ്റ്റിലാകുന്ന അവസ്ഥയിലാണ് ഈ യുവാക്കള്‍.

 

click me!