പേരാമ്പ്രയില്‍ യുവാവിന്‍റെ ദുരൂഹ മരണം  ആസൂത്രിത കൊലപാതകമാണെന്ന് ബന്ധുക്കൾ

By Web DeskFirst Published Dec 17, 2017, 11:04 PM IST
Highlights

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ട സംഭവം ആസൂത്രിത കൊലപാതകമാണെന്ന് ബന്ധുക്കൾ. മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. കഴിഞ്ഞ മാസം 13 ന് ആണ് പേരാമ്പ്ര പാലേരിയിൽ ബസ് ഡ്രൈവറായിരുന്ന അജ്മലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പേരാമ്പ്ര ഹൈസ്കൂൾ റോഡിലെ കുളത്തിലാണ് മൃതദേഹം കണ്ടത്. മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ അജ്മലിന്റെ ശരീരത്തിൽ മാരകമായി ക്ഷതമേറ്റതിന്‍റെ പാടുകൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കൈകാലുകളിലും പരിക്കുണ്ടായിരുന്നു. നന്നായി നീന്താൻ അറിയുന്ന അജ്മൽ കുളത്തിൽ മുങ്ങി മരിച്ചുവെന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ പക്ഷം. പതിനൊന്നാം തീയതി അജ്മലും സുഹൃത്തുക്കളും ചേർന്ന് നാട്ടിലുള്ള ചിലരുമായി വാക്ക് തർക്കം ഉണ്ടായി എന്ന് നാട്ടുക്കാർ പറയുന്നു. 

നാട്ടുക്കാർ ചേർന്ന് അജ്മലിനെ ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്ക് അയച്ചു. എന്നാൽ ഹൈസ്ക്കൂൾ റോഡിലെ കുളത്തിന് സമീപം അജ്മൽ ഇറങ്ങിയെന്ന് ഓട്ടോ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. അവിടെ വച്ച് അജ്മലിനെ ആരോ ആക്രമിച്ച് കുളത്തിൽ താഴ്ത്തിയെന്നാണ് ബന്ധുക്കളുടെ സംശയം. ഇതേ കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ലെന്നും മുങ്ങിമരണമെന്ന് വരുത്തി തീർത്ത് കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറയുന്നു. 

എന്നാൽ അജ്മൽ മദ്യപിച്ചിരുനെന്നും നില തെറ്റി കുളത്തിൽ വീണതാണെന്നുമാണ് പൊലീസിന്റെ പക്ഷം. സംഭവത്തിൽ അറുപതോളം ആളുകളുടെ മൊഴി എടുത്തെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആക്ഷൻകമ്മിറ്റി.

click me!