'പൊലീസില്‍ ഇനി അവസരം ഫോട്ടോഗ്രാഫേഴ്സിന്, ജോലി ആല്‍ബമുണ്ടാക്കല്‍; പൊലീസിനെതിരെ കെപി ശശികല

By Web TeamFirst Published Jan 7, 2019, 12:48 PM IST
Highlights

പൊലീസിലേക്ക് ഇനി അവസരം ഫോട്ടോഗ്രാഫേഴ്സിനാണെന്നും  ആൽബം തയ്യാറാക്കലാണ് പൊലീസിന്‍റെ ഇപ്പോഴത്തെ ജോലിയെന്നും ശബരിമല കര്‍മസമിതി നേതാവ് കെപി ശശികല.

വടക്കേക്കര: പൊലീസിലേക്ക് ഇനി അവസരം ഫോട്ടോഗ്രാഫേഴ്സിനാണെന്നും  ആൽബം തയ്യാറാക്കലാണ് പൊലീസിന്‍റെ ഇപ്പോഴത്തെ ജോലിയെന്നും ശബരിമല കര്‍മസമിതി നേതാവ് കെപി ശശികല. പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് വടക്കേക്കര പോലീസ് സ്റ്റേഷനിലേക്ക് ശബരിമല കർമ്മ സമിതിയുടെ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

എത്ര അറസ്റ്റ് നടത്തിയാലും സമരം തുടരും. സ്വന്തം മതം യൂണിഫോമിനുള്ളിൽ മതം കുത്തിനിറച്ചാൽ അത് അനുവദിക്കില്ല. കെട്ടുമെടുത്ത് മലക്ക് പോകുന്നവരെ തിരിച്ചുകൊണ്ട് വരുന്ന പൊലീസ്, പേക്കോലങ്ങളെ കെട്ടി എഴുന്നെള്ളിച്ച് കൊണ്ട് പോകുന്നു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ സർക്കാർ ശ്രമിക്കുകയാണ്.

നാമം ജപിച്ചു കൊണ്ടാണ് ഇപ്പോൾ സമരം നടക്കുന്നത്. ഈ നിലയിൽ തന്നെ സമരം മുന്നോട്ടു കൊണ്ട് പോകാമെന്നു ആർക്കും വാക്ക് കൊടുത്തിട്ടില്ല. പൊലീസ് ഈ നില തുടർന്നാൽ സംസ്ഥാനത്തെ ജയിലുകൾ നിറയും. 

സമരം എങ്ങനെ വേണമെന്ന് പൊലീസ് അധികൃതർ തീരുമാനിക്കട്ടെയെന്നും ശശികല പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

click me!