ശബരിമലയില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ശശികലയുടെ ഉപവാസം

By Web TeamFirst Published Nov 17, 2018, 12:36 PM IST
Highlights

ശശികലയെ തിരികെ ശബരിമലയിലേക്ക് അയക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു

റാന്നി: മരക്കൂട്ടത്ത് നിന്ന് ഇന്നലെ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികല പൊലീസ് സ്റ്റേഷനില്‍ ഉപവാസിക്കുന്നു. ശബരിമലയിലെത്തി അയ്യപ്പനെ കണ്ട ശേഷം മാത്രമേ മടങ്ങു എന്ന നിലപാടിലാണ് അവര്‍. അതിന് അവസരമൊരുക്കണമെന്ന് ശശികല പൊലീസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഉപവാസം തുടരുമെന്നാണ് ശശികല പറയുന്നത്.  ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

അതിനിടെ ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ റാന്നി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. നൂറോളം പേരാണ് നാപജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ശശികലയെ വിട്ടയക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം. കൂടുതല്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

ഇന്നലെ രാത്രി ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ശേഷം ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും  ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറ് മണിക്ക് തുടങ്ങി.  ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് ആറ് വരെയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്‍. 

click me!