Latest Videos

കെപിസിസി രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു

By Web DeskFirst Published Aug 31, 2016, 9:19 AM IST
Highlights

ന്യൂഡല്‍ഹി: കെപിസിസിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് 21 അംഗ രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചു. വി എം സുധീരൻ ചെയർമാനായ കമ്മിറ്റിയിൽ രമേശ് ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കുമൊപ്പം എം പിമാർക്കും പ്രാമുഖ്യം നൽകിയിട്ടുണ്ട്. എന്നാൽ യുഡിഎഫ് കൺവിനർ പി പി തങ്കച്ചന്റെയും ആര്യാടനെയും ജോസഫ് വാഴക്കനേയും ഉൾപ്പെടുത്തിയില്ല

15 പേരുടെ രാഷ്ട്രീയകാര്യസമിതിക്ക് രൂപം നൽകുമെന്നാണ് രാഹുൽഗാന്ധി വ്യക്തമാക്കിയതെങ്കിലും ഗ്രൂപ്പുകൾ ഏഴും എട്ടും പേരുകൾ കമ്മിറ്റിയിലേക്ക് നിർദ്ദേശിച്ചതോടെയാണ് 21 പേരായത്. കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ സുധീരന്റെ നിർബന്ധത്തിൽ സീറ്റ നിഷേധിക്കപ്പെട്ട ബന്നി ബഹന്നാൻ എ ഗ്രൂപ്പ് നോമിനിയായി കമ്മിറ്റിൽ ഇടം നേടി. ഒപ്പം എം എം ഹസ്സൻ, കെ സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ് എന്നിവരും എ ഗ്രൂപ്പ് പ്രതിനിധികളായി. കെ സുധാകരൻ, കെ സി വേണുഗോപാൽ എം ഐ ഷാനാവാസ് എം ലിജു എന്നിവരാണ് ഐ ഗ്രൂപ്പ് പ്രതിനിധികൾ.

കെപിസിസി മുൻ പ്രസിഡന്റ് എന്ന നിലയിൽ കെ മുരളീധരൻ സമിതിയിൽ അംഗമായപ്പോൾ പി സി ചാക്കോ, ഷാനിമോൾ ഉസ്മാൻ, കെ വി തോമസ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ഹൈക്കമാൻഡാണ് ഉൾപ്പെടുത്തിയത്. രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, ടി എൻ പ്രതാപൻ, എന്നിവരുടെ പേരുകൾ വി എം സുധീരനാണ് നിർദ്ദേശിച്ചത്. ഗ്രൂപ്പുകൾ നിർദ്ദേശിച്ച യുഡിഎഫ് കൺവിനർ പി പി തങ്കച്ചൻ,ആര്യാടൻ മുഹമ്മദ്, ജോസഫ് വാഴക്കൻ, ബിന്ദു കൃഷ്ണ, തമ്പാനൂർ രവി എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമായി.

click me!