കെ എം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് എം.എം.ഹസ്സന്‍

By Web DeskFirst Published Apr 18, 2017, 5:17 AM IST
Highlights

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്‍. 21ന് ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാണിയുടെ പിന്തുണ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്നും ഹസ്സന്‍ വ്യക്തമാക്കി. സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായം വേണോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹസ്സന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ കെ.എം.മാണിയും പി.ജെ. ജോസഫുമടക്കമുളള കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്ത്‌ വന്നതോടെയാണ്‌ മാണി ഗ്രൂപ്പിന്റെ  യു.ഡി.എഫിലേയ്‌ക്കുളള മടക്കം രാഷ്‌ട്രീയവൃത്തങ്ങളില്‍ സജീവ ചര്‍ച്ചയായത്‌.

എന്നാല്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും തമ്മിലുളള ബന്ധത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ മലപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്‌ക്കുന്നതെന്നാണ്‌ ഇതിന്‌ കെ.എം.മാണി പറഞ്ഞ മറുപടി.മാത്രമല്ല. യു.ഡി.എഫ്‌ വിടാനുണ്ടായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അതിനാല്‍ ഉടന്‍ യു.ഡി.എഫിലേയ്‌ക്ക്‌ ഒരു തിരിച്ചുപോക്കിന്‌ പ്രസ്‌കതിയില്ലെന്നുമായിരുന്നു കെ.എം.മാണി ഇതുവരെ പറഞ്ഞത്‌.

പി.കെ.കുഞ്ഞാലിക്കുട്ടി തന്നെയാണ്‌ കെ.എം.മാണി യു.ഡി.എഫിലേയ്‌ക്ക്‌ മടങ്ങി വരണമെന്ന്‌ ആദ്യം ആവശ്യപ്പെട്ടത്‌. ഇതിന്‌ പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളായ ഉമ്മന്‍ ചാണ്ടി ,രമേശ്‌ ചെന്നിത്തല , വി.എം സുധീരന്‍ എന്നിവരും കെ.എം.മാണി യു.ഡി.എഫിലേയ്‌ക്ക്‌ വരണമെന്ന ആവശ്യവുമായി രംഗത്ത്‌ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കുകയും യുഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയതും.യു.ഡി.എഫിലെ എല്ലാ ഘടക കക്ഷികളും തന്നെ മാണി ഗ്രൂപ്പിനെ യു.ഡി.എഫിലേയ്‌ക്ക്‌ തിരികെ കൊണ്ടു വരണമെന്ന നിലപാടാണ്‌ സ്വീകരിച്ചിട്ടുളളത്‌.

ബാര്‍ കോഴ കേസില്‍ കെ.എം.മാണിയെ മന:പൂര്‍വം പ്രതിയാക്കാന്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ശ്രമിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ മാണി ഗ്രൂപ്പ്‌ യു.ഡി.എഫ്‌. ബന്ധം ഉപേക്ഷിച്ചത്‌. എന്നാല്‍ തദേശസ്വയം ഭരണ സ്‌ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായുളള സഖ്യം തുടരാനും കേരള കോണ്‍ഗ്രസ്‌ തീരുമാനിച്ചിരുന്നു.ഇതിന്റെ അടിസ്‌ഥാനത്തില്‍  തദേശസ്വയംഭരണ സ്‌ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ്‌ യു.ഡി.എഫിലാണ്‌ തുടരുന്നത്‌.

click me!