പതിനാറുകാരിയുടെ മരണത്തിൽ അന്വേഷണത്തിനായി പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്.
കൊച്ചി: ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണം ഇഴയുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പെൺകുട്ടിയുടെ ഫോൺ ഫോറൻസിക് പരിശോധനക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് അയച്ചു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാക്കുറുപ്പ്. എന്നാല്‍, മറ്റെന്തോ ദുരൂഹ ഉണ്ടെന്നാണ് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകര്‍ ആരോപിക്കുന്നത്.
പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഒരു കത്തെഴുവച്ച് ജീവനൊടുക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടും. കത്തിലെഴുതിയത് വായിച്ച് അതാണ് മരണകാരണമെന്ന് ഉറപ്പിച്ച് പൊലീസ് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നില്ല. കത്തിലെഴുതിയത് പോലെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്‍റെ മരണത്തില്‍ മനംനൊന്താണ് മരിച്ചതെന്ന നിഗമനത്തിലാണ് അവസാനിപ്പിച്ച മട്ടാണ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകര്‍ പറയുന്നു. കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പികുന്നതൊന്നുമില്ല, ആകെ പതിനാറ് ഫോളോവേര്‍സ് മാത്രമാണ് ഉള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയന്‍ സുഹൃത്തിന്‍റെതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുടെ വാച്ചായിരുന്നു. ഇതിലൊന്നും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം.
കുട്ടിയുടെ മരണം കൊറിയന്‍ സുഹൃത്ത് കാരണമല്ലെന്ന് പറയുമ്പോഴും സ്കൂളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ബാധിച്ച കൊറിയന്‍ ഭ്രമത്തില്‍ ആശങ്കയുണ്ടെന്നും അധ്യാപകന്‍ പറയുന്നു. കുട്ടികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കണണെന്നും ഇതിന് പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചൂണ്ടിക്കാട്ടുകയാണ് അധ്യാപകര്‍.



