
ദില്ലി: വിഎം സുധീരൻ രാജി വച്ച ശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പത്തോളം നേതാക്കൾ അവകാശവാദം ഉന്നയിച്ചത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് ഉന്നത കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. എംഎം ഹസന്റെ നിയമനം താല്‍ക്കാലികമാണെന്നും മലപ്പുറം തെരഞ്ഞെടുപ്പിന് ശേഷം കൂടിയാലോചന നടത്തുമെന്നും നേതൃത്വം അറിയിച്ചു.
വി എം സുധീരന്റെ അപ്രതീക്ഷിത രാജിക്കു ശേഷം കോൺഗ്രസിന്റെ ചരിത്രത്തിൽ ഇല്ലാത്ത വിധം അവകാശവാദമാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് ഉണ്ടായതെന്ന് കോൺഗ്രസ് ഉന്നത നേതൃത്വം വ്യക്തമാക്കി. ഒരാളെ നിയമിക്കുന്ന കാര്യത്തിൽ ഇത് വൻ പ്രതിസന്ധിയുണ്ടാക്കി. മലപ്പുറം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്ഥാനം ഒഴിച്ചിടാനുമാവില്ല. ഈ സാഹചര്യത്തിൽ ഏറ്റവും മുതിർന്ന ഭാരവാഹി എന്ന നിലയ്ക്ക് എംഎം ഹസനെ നിയമിക്കുകയായിരുന്നു.
ഈ നിയമനം സ്ഥിരം അല്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. മലപ്പുറം തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംസ്ഥാന നേതാക്കളെ ദില്ലിക്ക് വിളിപ്പിക്കും. പാർട്ടിയിൽ വിശാലമായ കൂടിയാലോചന നടത്തും. ഇതിനു ശേഷം സ്ഥിരം പ്രസിഡന്റിനെക്കുറിച്ച് തീരുമാനിക്കും. എ ഗ്രുപ്പിൽ നിന്ന് എംഎം ഹസനു പുറമെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു. ഐ ഗ്രൂപ്പിൽ നിന്ന് കെ സുധാകരൻ വിഡി സതീശൻ എന്നിവർക്കു വേണ്ടിയായിരുന്നു വാദം. പിടി തോമസ് എംഎൽഎക്കു വേണ്ടി ഗ്രൂപ്പിന് അതീതമായ സമ്മർദ്ദമുണ്ടായി. എംപിമാരായ കെവി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളും ഹൈക്കമാൻഡിനു മുന്നിലെത്തി.
ഉമ്മൻ ചാണ്ടി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പരസ്യമായി പറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടിയോട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ നിർദ്ദേശിക്കണമെന്ന ആവശ്യവുമായി കടുത്ത ഏ ഗ്രൂപ്പുകാരും ഹൈക്കമാൻഡിനെ സമീപിച്ചു. ഇത്രയും അവകാശികൾ ഉള്ളപ്പോൾ സ്ഥിരം പ്രസിഡന്റിനെ നിയമിക്കുക എളുപ്പമാവില്ല. ഇതിനിടെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ഡിസംബർ 31വരെ സമയം നല്‍കണമെന്ന കോൺഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam