കോന്നിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേര്‍ക്ക് ആക്രമണം

By Web DeskFirst Published Feb 6, 2018, 11:37 PM IST
Highlights

പത്തനംതിട്ട കോന്നി തണ്ണിത്തോട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേര്‍ക്ക് ആക്രമണം പതിവാകുന്നു.  ജീവനക്കാര്‍ പലവട്ടം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ  രണ്ടാഴ്‍ചയ്‍ക്കിടെ നാല് ബസുകള്‍ക്ക് നേര്‍ക്കാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്. മൂന്ന് ദിവസം മുമ്പ് ഒരു സൂപ്പര്‍ ഫാസ്റ്റടക്കം രണ്ട് ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു.  കരുമാന്തോട്, സീതത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടാകുന്നത്. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

അക്രമം പതിവായതോടെ കഴി‍ഞ്ഞ ദിവസം കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ജനകീയ കൂട്ടായ്‍മയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താലും നടത്തി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ചൊവ്വാഴ്ച സര്‍വീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ഏതാനും സ്വകാര്യ ബസ് ജീവനക്കാര്‍ തടഞ്ഞു.

അക്രമികള്‍ക്ക് സ്ഥലത്തെ പ്രാദേശിക രാഷ്‍ട്രീയ നേതാക്കളുടെ പിന്‍ബലമുണ്ടെന്നും ആരോപണമുണ്ട്. ഇനിയും പൊലീസിന്റെ ഭാഗത്ത് നിന്ന് കര്‍ശന നടപടിയുണ്ടാകുന്നില്ലെങ്കില്‍ കൂടുതല്‍  പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും തീരുമാനം.
 

 

 

click me!