രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണം. കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മേയർ വിവി രാജേഷിൻ്റെ പ്രതികരണം.
തിരുവനന്തപുരം: ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നും ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വിവി രാജേഷ്. രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണം. കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മേയർ വിവി രാജേഷിൻ്റെ പ്രതികരണം. മേയറായി ചുമതലയേറ്റതിന് പിന്നാലെയാണ് ഇ-ബസ്സുകളുടെ സർവ്വീസുമായി ബന്ധപ്പെട്ടുള്ള മേയറുടെ നീക്കം.
കരാർ മാറ്റാൻ ഒന്നോ രണ്ടോ വ്യക്തികൾക്ക് അധികാരമില്ല. ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞു.
മേയറായി ചുമതലയേറ്റതിന് പിന്നാലെ ആർ ശ്രീലേഖയും വികെ പ്രശാന്ത് എംഎൽഎയും തമ്മിലുള്ള കെട്ടിട ഓഫീസുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തിരുന്നു. എന്നാൽ ശ്രീലേഖയെ മയപ്പെടുത്തുന്ന നിലപാടാണ് വിവി രാജേഷ് കൈക്കൊണ്ടത്. അതിന് പിന്നാലെ കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നൽകുന്നതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ തീരുമാനം. വാടകക്ക് നൽകിയതിന്‍റെ മുഴുവൻ രേഖകളും ഹാജരാക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകും. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകൾ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഉയർന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാർത്ഥ വാടക്കാരല്ല ഇവ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ബിജെപിക്കായിരുന്നു മേധാവിത്വം. അക്കാലത്തു തന്നെ ക്രമക്കേട് ബോധ്യപ്പെട്ടിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. പല വാണിജ്യ സ്ഥാപനങ്ങളും തലമുറകൾ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം തിരിച്ചു പിടിക്കാനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം. മാസത്തിൽ 250 രൂപ വാടകക്ക് വരെ കടകൾ കൈമാറിയിട്ടുണ്ട്. ഇവയെല്ലാം വൻ തുകക്ക് മറിച്ചു നൽകി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നാണ് കണ്ടെത്തൽ. കുറഞ്ഞ വാടകക്ക് നൽകിയിട്ടുണ്ടെങ്കിൽ അതിന്‍റെ മാനദണ്ഡം എന്താണെന്ന് സെക്രട്ടറി വ്യക്തമാക്കണം. വികെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ വാടകക്ക് നൽകുന്നതിൽ സമഗ്ര അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. വിവാദം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും വാടകക്ക് കെട്ടിടങ്ങള്‍ നൽകുന്നതിൽ ആവശ്യമായ പരിശോധന നടത്തുമെന്നും അന്വേഷിക്കുമെന്നും മേയര്‍ വിവി രാജേഷ് വ്യക്തമാക്കിയിരുന്നു. കെട്ടിടങ്ങള്‍ വാടകക്ക് നൽകുന്നതിന്‍റെ രേഖകളടക്കം വിശദമായി പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞിരുന്നു.


