
തിരുവനന്തപുരം: കോടതിവിധിയെ തുടർന്ന‌് താല്‍ക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ നടപടി ഊർജിതമാക്കി കെ എസ് ആര്‍ ടി സി. പുതിയ കണ്ടക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ കെ എസ് ആര്‍ ടി സി ആസ്ഥാനത്ത് തുടങ്ങി. പി എസ‌് സി നിയമന ഉത്തരവ് കിട്ടിയവരോടാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, ഇന്നും നിരവധി സര്‍വ്വീസുകള്‍ മുടങ്ങിയിട്ടുണ്ട്.
പി എസ‌് സി റാങ്ക‌് പട്ടികയിൽ നിന്നും കണ്ടക്ടർമാരായി നിയമിക്കുന്ന മുഴുവൻ പേരെയും ഒരാഴ‌്ചക്കുള്ളിൽ സ്വതന്ത്രമായി ജോലി നിർവഹിക്കാൻ പ്രാപ‌്തരാക്കും. ഇതിന‌് പുറമേ കണ്ടക്ടറിലാത്ത സർവീസ‌്, ഡ്രൈവർമാരെ കണ്ടക്ടർമാരായി നിയോഗിക്കൽ തുടങ്ങിയ നടപടികളും സ്വീകരിക്കും. യുദ്ധകാലാടിസ്ഥാനത്തിലാണ് മാനേജ്‌മെന്‍റ് നിയമന നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് ഗതാഗതി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
അഡ്വൈസ് മെമ്മോ കിട്ടിയ 4051 പേരോട് ഇന്ന് ചീഫ് ഓഫീസില്‍ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരെ നാല് ബാച്ചുകളായാണ് അഭിമുഖം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒറ്റദിവസത്തിനുള്ളിൽ ഇവരുടെ സർടിഫിക്കറ്റ‌് പരിശോധന പൂർത്തിയാക്കി ഡിപ്പോയിലേക്ക‌് വിടും. ഡിപ്പോകളിൽ ഇവർക്ക‌് രണ്ടുദിവസത്തെ പ്രത്യേക പരിശീലനം നൽകും. തുടർന്ന‌് ആർടി ഓഫീസിൽ കണ്ടക്ടർ പരീക്ഷ നടത്തും. വിജയിക്കുന്നവർക്ക‌് പിറ്റേദിവസം കണ്ടക്ടർ ബാഡ‌്ജ‌് നൽകും. കണ്ടക്ടർമാരുടെ സഹായത്തോടെ റൂട്ടുകളിൽ പരിശീലനം നൽകും.
അതേസമയം, പ്രതിസന്ധി അതിജീവിക്കാന്‍ അവധിയിൽ പ്രവേശിച്ച കണ്ടക്ടർമാരെ തിരിച്ചുവിളിച്ചിട്ടുണ്ട്. മറ്റുവിഭാഗങ്ങളിൽ ജോലി ചെയ്യുന്ന കണ്ടക്ടർ ബാഡ‌്ജുള്ള ജീവനക്കാരെയും കണ്ടക്ടർമാരായി നിയോഗിക്കും. കൂടുതൽ സമയം ജോലി ചെയ്യാനും ജീവനക്കാരോട‌് അഭ്യർഥിച്ചിട്ടുണ്ട‌്. കണ്ടക്ടർ ലൈസൻസുള്ള ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തും. ദീർഘദൂര, അന്തർസംസ്ഥാന സർവീസുകൾ കണ്ടക്ടറില്ലാതെ നടത്തും. പുറപ്പെടുന്ന സ‌്റ്റേഷനിൽ നിന്നും സ‌്റ്റേഷൻ മാസ‌്റ്ററോ, ഇൻസ‌്പെക്ടറോ ടിക്കറ്റ‌് നൽകും. ഇത്തരം സർവീസുകൾക്ക‌് ഇടയിൽ സ‌്റ്റോപ്പുണ്ടാകില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam