
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നൂറ് എല്‍.എന്‍.ജി. ബസ്സുകള്‍ നിരത്തിലിറങ്ങാന്‍ വഴിയൊരുങ്ങി. നൂറ് ഡീസല്‍ എഞ്ചിന്‍ ബസ്സുകളെ എല്‍.എന്‍.ജിയാക്കുന്നതിനുള്ള ചെലവ് വഹിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് എല്‍.എന്‍.ജി. കെ.എസ്.ആര്‍.ടി.സി.യെ അറിയിച്ചു. ഡീസല്‍ വില കുതിച്ചുയരുന്ന കാലത്ത് എല്‍.എന്‍.ജി ബസ്സുകള്‍ കെ.എസ്.ആര്‍.ടിസി.ക്ക് സാമ്പത്തികമായി ഏറെ ഗുണം ചെയ്യുമെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി പറഞ്ഞു.
നിലവില്‍ കെഎസ്ആര്‍ടിസിയ്ക്ക് ഒരു എല്‍എന്‍ജി ബസ് മാത്രമേയുള്ളൂ. എറണാകുളത്ത് മാത്രം ഫില്ലിംഗ് സ്റ്റേഷനുള്ളതിനാല്‍ ഈ ബസ്സ് എറണാകുളത്താണ് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം ആനയറയില്‍ പുതിയ ഫില്ലിംഗ് സ്റ്റേഷന്‍ തയ്യാറായി വരുന്നു. ഇന്ധവില കുതിച്ചുയരുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തിലാണ് കെ,എസ്.ആര്‍.ടിസി. ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടിയത്.
ഡീസല്‍ എഞ്ചിന്‍ ബസ്സിനെ അപേക്ഷിച്ച് എല്‍.എന്‍.ജി ബസ്സിന് ലക്ഷങ്ങള്‍ അധികം ചെലവാകും. എന്നാല്‍ ഡീസല്‍ എഞ്ചിനില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തി എല്‍.എന്‍.ജി ഇന്ധനമായി ഉപയോഗിക്കാം. നൂറ് ബസ്സുകളെ ഇത്തരത്തില്‍ മാറ്റുന്നതിനുള്ള ചെലവ് അഥവാ ഗ്യാപ് ഫണ്ടിംഗ് വഹിക്കാമെന്നാണ് പെട്രോനെറ്റ് എല്‍എന്‍ജി അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കെ.എസ്.ആര്‍.സിയും പെട്രോനെറ്റ് എല്‍.എന്‍.ജിയും തമ്മില്‍ ഉടന്‍ തന്നെ വിശദമായ ചര്‍ച്ച നടക്കും. ധാരണപത്രം ഒപ്പുവച്ചശേഷം എല്‍.എന്‍.ജി ബസ്സുകള്‍ എത്രയും പെട്ടെന്ന് നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സി. ഉദ്ദേശിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam