
തിരുവനന്തപുരം: 'കൊച്ചി മെട്രോ സ്‌പെഷ്യല്‍ ഫീഡര്‍ സര്‍വീസ്' എന്ന പേരില്‍ മെട്രോയ്ക്ക് ഫീഡര്‍ സര്‍വ്വീസുകളുമായി കെ എസ് ആര്‍ ടി സി. മെട്രോ സര്‍വ്വീസുകള്‍ ആരംഭിക്കുന്ന പാലാരിവട്ടം (ഇടപ്പള്ളി), ആലുവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഫീഡര്‍ സര്‍വീസുകള്‍ നടത്തും. കെ എസ് ആര്‍ ടി സിക്ക് മാത്രം സര്‍വീസ് നടത്താന്‍ സാധിക്കുന്ന ആലുവ - അങ്കമാലി, ആലുവ - പെരുമ്പാവൂര്‍, ആലുവ - നോര്‍ത്ത് പറവൂര്‍, ഇടപ്പള്ളി - ഫോര്‍ട്ട് കൊച്ചി/ മട്ടാഞ്ചേരി (കണ്ടെയ്‌നര്‍ റോഡ് വഴി) എന്നീ റൂട്ടുകളാണ് സര്‍വ്വീസിനായി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ലോഫ്‌ളോര്‍ എ സി, നോണ്‍ എ.സി വിഭാഗത്തില്‍ പെട്ട 40 വീതം ബസ്സുകള്‍ രണ്ടു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സര്‍വ്വീസ് നടത്തും. സര്‍വ്വീസ് നടത്തിപ്പിനും ഏകോപനത്തിനുമായി 2 സ്‌പെഷ്യല്‍ ഓഫീസര്‍മാരെയും ഒരു കോ-ഓര്‍ഡിനേറ്ററേയും എറണാകുളം മേഖലാ അധികാരിക്ക് കീഴില്‍ നിയമിച്ചു. മെട്രോ കടന്നു പോകുന്നത് ദേശസാല്‍കൃത റൂട്ടിലൂടെയായതിനാല്‍ മെട്രോ യാത്രക്കാരെ സഹായിക്കുന്നതിനും കെ എസ് ആര്‍ ടി സി സര്‍വ്വീസുകളെക്കുറിച്ച് വിവരം നല്‍കുന്നതിനായും എല്ലാ മെട്രോ സ്റ്റേഷനുകളിലും ഓരോ ഉദ്യോഗസ്ഥരെ മുഴുവന്‍ സമയവും ഒരു മാസത്തേക്ക് നിയമിക്കും. മെട്രോ പ്രവര്‍ത്തിക്കുന്ന 05:00 മണി മുതല്‍ 22:30 വരെ ഫീഡര്‍ സര്‍വ്വീസുകള്‍ ഉണ്ടാകും. മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപസ്ഥലങ്ങളിലും ഡിപ്പോകളിലും സര്‍വ്വീസ് അവസാനിപ്പിക്കുന്ന ബസ്സുകള്‍ തൊട്ടടുത്ത മെട്രോ സ്റ്റേഷനുകളിലേക്ക് ദീര്‍ഘിപ്പിക്കും. നവ മാധ്യമത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി 'KSRTC KOCHI METRO FEEDER SERVICE' എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പും ആരംഭിച്ചു. ഫീഡര്‍ സര്‍വീസില്‍ ജോലി നോക്കുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി സര്‍വ്വീസ് ഏകോപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam